വിവരം.ഓർഗ് | Vivaram.org

ഇന്ന് തുടക്കം

എന്റെ ജേണലിസം ജീവിതത്തിൽ ഇതു പുതിയ തുടക്കം.സ്വന്തം സ്വതന്ത്ര ജേണലിസത്തിന് ഒരു സൈറ്റ്. ലോകത്തിന്റെ നാനാഭാഗത്തെ പുതിയ മനുഷ്യർ (ബഹുഭൂരിപക്ഷവും പുതിയ കുഞ്ഞുങ്ങൾ) ഒരുക്കുന്ന സ്മോൾ വെബ്ബും സ്ളോ ജേണലിസവും ആണു പ്രചോദനങ്ങളിൽ ചിലത്.

നാളത്തെ അറിവ്, ഭാവിവിചാരം, കുരിശും യുദ്ധവും സമാധാനവും, ഇന്ത്യയുടെ സൗമ്യശക്തി എന്നീ പുസ്തകങ്ങളുടെ occasional revision -ന്റെ ഭാഗമായ തുടർലേഖനങ്ങൾ തുടർന്നും എന്റെ MuzirisTimes.com-ൽ ആവും പ്രസിദ്ധീകരിക്കുക. ഫേസ്ബുക്കിലും പോസ്റ്റുകൾ ഉണ്ടാവും. BhaviVicharam.com ഒരു static site ആയി തുടരും.

Vivaram.org-ൽ പ്രധാനമായും, ഓരോ ആഴ്ചയും ഞാൻ ശ്രദ്ധിച്ച സമൂഹമാധ്യമ പോസ്റ്റുകൾ, അവയിലെ നിരീക്ഷണങ്ങൾ, പുസ്തകങ്ങൾ, സാമൂഹികശൃംഖലകൾക്കുപുറത്തു ശ്രദ്ധിച്ച പത്രമാസികാലേഖനങ്ങൾ, വെബ് പേജുകൾ, (മലയാളത്തിൽ വാർത്താപ്രാധാന്യം കിട്ടാതെപോയ) വിവരങ്ങൾ,ശ്രദ്ധിച്ച വീഡിയോകൾ തുടങ്ങിയവ മുൻനിർത്തി എഴുതാൻ ആണു ഉദ്ദേശിച്ചത്. ഞായറാഴ്ച തോറും തലേ ആഴ്ചത്തെ "ശ്രദ്ധേയം" പ്രസിദ്ധീകരിക്കുക. എന്നാൽ, കൃത്യമായി ഫ്രീക്വൻസി വച്ച് അങ്ങനെ ഒരു കോളമെഴുത്ത് വേണ്ടെന്നു വച്ചു.പലതും പലപ്പോഴായി പോസ്റ്റുകൾ ആവും.

നവ ജേണലിസത്തിൽ തല്പരരായ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ള ചെറു പാഠങ്ങൾ, വർക്ക് ഷീറ്റുകൾ, പഠനവിഷയ നിർദേശങ്ങൾ, ഭാവിവിചാരപരമായി നവ മലയാളം സംബന്ധിച്ച ചെറു ലേഖനങ്ങൾ തുടങ്ങിയവ ചേർക്കണമെന്നുണ്ട്. മലയാള വൈജ്ഞാനിക പുസ്തകങ്ങളുടെ രചനയെയും പ്രസാധനത്തെയും സംബന്ധിച്ച കുറിപ്പുകളും.

പോസ്റ്റുകളിലെ അടിവരകൾ ഹൈപ്പർ ലിങ്കുകളെ സൂചിപ്പിക്കുന്നു.ഹൈപ്പർ ലിങ്കുകൾ കൊണ്ടുവരുന്ന സംവാദാത്മകത മലയാളം വെബ്ബിലും പടരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ചില പോസ്റ്റുകളുടെ പ്രധാന ഭാഗങ്ങളും (excerpts) ലിങ്കുകളും ഫേസ്ബുക്ക് വഴി നൽകും. വാട്സാപ്പിൽ വേണ്ടവർക്ക് അങ്ങനെയും.

മുകളിലത്തെ ഖണ്ഡികകളില ശൈലി നോക്കിയാൽ, vivaram.org-ലെ ഭാഷയുടെ സ്റ്റൈൽബുക്ക് കാണാം. അച്ചടിമാധ്യമങ്ങളുടെ ഇംഗ്ലീഷ് വിരോധം ഇല്ല.

കൃത്യം ഒരു വർഷം മുമ്പ് ഈ ആഴ്ചയിൽ ആണ് "കുരിശും യുദ്ധവും സമാധാനവും - ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണ"ത്തിന് അഞ്ചാമതു കാക്കനാടൻ പുരസ്കാരം പ്രഖ്യാപിച്ച വാർത്ത വന്നത്. "മുതിർന്ന പത്രപ്രവർത്തകനും സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനും" എന്നൊക്കെയാണു വാർത്തകളിൽ പറഞ്ഞിരുന്നത്. ഞാൻ ദിനപത്ര ജേണലിസ്റ്റ് അല്ലാതായിട്ട് അന്ന് 26 വർഷം കഴിഞ്ഞിരുന്നു.

ദിനപത്ര വാർത്താ ജേണലിസ്റ്റ് അല്ലാത്ത ജേണലിസ്റ്റ് ആയി ശിഷ്ടായുസ്സ് ചെലവഴിക്കാൻ പോകുന്നു. Small Indie Journalism-ist.

SIJ-നെക്കുറിച്ച് പിന്നാലെ.