വിവരം.ഓർഗ് | Vivaram.org

ഈലോകഗോളം തിരിയുന്ന മാർഗ്ഗം - Cosmic Spiral of Compassionate Intelligence

വെളിച്ചത്തിന്റെ കനിവുനിലത്തിൽ കരുണാർദ്രബുദ്ധിയുടെ ചുറ്റുഗോവണി

(Spiral of Compassionate Intelligence)

1

ഒന്നും ഒന്നും കൂടിയാൽ രണ്ട് എന്നതു ഗണിതയുക്തി. ഒന്നും ഒന്നും കൂടിയാൽ ഇമ്മിണി ബല്യ ഒന്ന് എന്നത് കാവ്യയുക്തി.

ഈ രണ്ടു യുക്തിയും ചേർത്തുവച്ചാൽ യാഥാർത്ഥ്യത്തിന്റെ മെച്ചപ്പെട്ട കാഴ്ച കിട്ടും എന്നതാണ് എന്റെ അനുഭവം.

ശാസ്ത്രവിജ്ഞാനശാഖകളുടെയും (scientific knowledge) ദാർശനിക പദ്ധതികളുടെയും (philosophy) ലീനിയർ ഗണിതയുക്തി; മിസ്റ്റിക്കൽ ചിന്തയുടെയും ജ്ഞാനപാരമ്പര്യങ്ങളുടെയും (wisdom traditions) കാവ്യയുക്തി. ഇതു രണ്ടും ചേർത്തുവച്ച്, പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും ഒരു സംയോജിത കഥ എഴുതിയാൽ എങ്ങനെയിരിക്കും?

സംഗ്രഹരൂപത്തിൽ ഇവിടെ ആ കഥ പറഞ്ഞുതുടങ്ങുകയാണ്.

വെളിച്ചത്തിലാണു മനുഷ്യർക്ക് എന്തും വെളിപ്പെട്ടുകിട്ടുന്നത്. അതുകൊണ്ട് ഞാൻ വെളിച്ചത്തിൽനിന്നു തുടങ്ങുന്നു.

വിശ്വചരിത്രത്തിലെ ഏറ്റവും പുരാതനമായ അധ്യായത്തിൽ - സ്ഥലം, കാലം, ഊർജം, ദ്രവ്യം, വിവരം എന്നിങ്ങനെ ഓരോന്ന് വേർതിരിച്ചുപറയാവുന്നതിനുംമുമ്പ് - സാക്ഷാത്കൃതമല്ലാത്ത ആദിപ്രകാശത്തിന്റെ പ്രകാശമാനമായ ഒരു നിലം (a luminous field of primordial, unmanifest light) ഞാൻ കാണുന്നു.

ഇതു കണ്ണുകൊണ്ടോ ഉപകരണങ്ങൾ കൊണ്ടോ കാണപ്പെടുന്നതും അളക്കപ്പെടാവുന്നതുമായ ഒന്നല്ല. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന് അവിടെ ഒന്നും ചെയ്യാനില്ല. പിൽക്കാല വേർതിരിവുകളെല്ലാം ചുരുൾനിവരാനിരുന്ന, എല്ലാറ്റിനും ആധാരമായ ഒരു അടിത്തട്ടിന്റെ കാവ്യാലങ്കാരമാണ് ഈ നിലം. ശാസ്ത്രവിരുദ്ധമാവാത്ത ഒരു ഉൾക്കാഴ്ചയായി അതിനെ കണ്ടാൽ മതി.

ശാസ്ത്ര - തത്ത്വശാസ്ത്ര ഭാഷകൾ ചേർത്ത്, പ്രപഞ്ചോല്പത്തിയുടെ തുടക്കത്തിൽ ഊർജം, ദ്രവ്യം, വിവരം എന്നിവയുടെ ഐക്യത്തിനു വിശദീകരണക്ഷമത നൽകുന്ന സംഭവനീയതയുടെ (potentiality) തലം എന്നു വേണമെങ്കിൽ പറയാം (ഊർജവും ദ്രവ്യവും പോലെ വിവരവും പ്രപഞ്ചത്തിന്റെ നിർമാണശില ആണെന്ന പുതിയ ഡിജിറ്റൽ ഫിസിക്സിന്റെ ഭാഷയാണ് ഇവിടെ ഉൾക്കൊണ്ടിരിക്കുന്നത്).

ഫിസിക്സിൽ അതിന് പ്ളാങ്ക് കാലഘട്ടം എന്നാണു പേര്. അതിൽനിന്ന് നേരിട്ട് ഒരു ഡാറ്റയും നമുക്കു കിട്ടിയിട്ടില്ല. അതുകൊണ്ട് കൃത്യമായി അളന്ന് അതിർത്തി വരച്ച ഒരു ഘട്ടമല്ല അത്. സൈദ്ധാന്തികമായ ഒരു ചക്രവാളം എന്നു പറയാം. ഞാൻ അതിനെ പ്രാഗ്ദത്ത നിലം (proto-data field) എന്നു വിളിക്കുന്നു. എന്തുകൊണ്ട്? ഊർജം ദ്രവ്യരൂപത്തിൽ ദത്തം (data) ആകുന്നതിനുമുമ്പുള്ള ഘട്ടം എന്ന നിലയിൽ.

ആ ചക്രവാളവും കടന്ന് ആദിപ്രപഞ്ചം വികസിച്ചുതുടങ്ങിയതു മുതൽ ഫോട്ടോൺ ഡീകപ്ളിംഗ് വരെയുള്ള കാലയളവിൽ ഈ നിലം സ്വതന്ത്രമല്ലാത്ത (coupled) പ്രകാശവികിരണങ്ങളായി സ്പന്ദിച്ചുകൊണ്ടിരുന്നു - ഫിസിക്സിലെ ഫോട്ടോണുകൾ. ഈ സ്പന്ദനത്തെ, കമ്പനത്തെ, അനുകമ്പനം (co-vibration) എന്നു ഞാൻ വിളിക്കട്ടെ (എന്തുകൊണ്ട് അങ്ങനെയൊരു വാക്ക് എന്ന് വഴിയേ വ്യക്തമാക്കാം).

സുദീർഘമായ ഈ അനുകമ്പനം, അവകലനത്തിന്റെ (differentiation) വിത്തുകൾ സംവഹിക്കുന്നതായിരുന്നു - സംഭവനീയമായിരുന്നതിനെ ഊർജം, ദ്രവ്യം, വിവരം എന്നിങ്ങനെ പലതാക്കുന്ന ചലനാത്മക വിശദീകരണക്ഷമതയുടെ (dynamic intelligibility) നിലത്തു വിതയ്ക്കപ്പെട്ട വിത്തുകൾ.

ഈ വിത്തു മുളപൊട്ടുന്നതിന്റെ, സ്വതന്ത്ര പ്രകാശ തരംഗകണങ്ങളുടെ ഈ ആവിർഭാവത്തിന്റെ (emergence), ആദ്യത്തെ ദുർബല രേഖയാണ് നമുക്ക് ഇപ്പോഴും ലഭ്യമായ കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് (സിഎംബി). മനുഷ്യരാശിയുടെ പ്രാചീന ജ്ഞാനപാരമ്പര്യങ്ങളിൽ ഈ ആദിമ അനുകമ്പനത്തെ, അനുരണനത്തിന്റെയും (resonance) സ്വയംശൂന്യവത്കരണത്തിന്റെയും (kenosis) പ്രതീകങ്ങൾകൊണ്ടാണു പേർവിളിച്ചിരിക്കുന്നത് - ഓംകാരത്തിന്റെ നിമന്ത്രണം എന്ന് ഒരു സംസ്കാരത്തിൽ; ലോഗോസിന്റെ ഉരിയാട്ടം എന്ന് മറ്റൊന്നിൽ.

ഈ വ്യത്യസ്ത ഭാഷണങ്ങളുടെ, വ്യത്യസ്ത വ്യാകരണങ്ങളുള്ള ഭാഷകളെ ഞാൻ ചേർത്തുവയ്ക്കുന്നത് ഏതെങ്കിലും വിധത്തിൽ അവയെ കൂട്ടിക്കുഴയ്ക്കാനല്ല, കൂട്ടിക്കെട്ടാനല്ല, അവയ്ക്ക് അന്യോന്യം പ്രകാശിപ്പിക്കാൻ കഴിയുന്നതിനാണ് - ശാസ്ത്രം അതിന്റെ കിറുകൃത്യതകൊണ്ട്; ദർശനം അതിന്റെ ആഴംകൊണ്ട്; ജ്ഞാനപാരമ്പര്യങ്ങൾ അവയുടെ കാവ്യയുക്തി നിറഞ്ഞ ഉല്പത്തികഥനങ്ങൾകൊണ്ട് അന്യോന്യം പ്രകാശിപ്പിക്കാൻ.

2

ഒന്നുമില്ലായ്മയിൽനിന്ന് എന്തെങ്കിലും ഉണ്ടാവുന്നത് എങ്ങനെ/എന്തുകൊണ്ട്/എന്തിന്?

യുക്തിവാദ/ഭൗതികവാദ പ്രചാരകർ, ശാസ്ത്രജ്ഞർ, അതീതം/അധ്യാത്മം തേടുന്നവർ എന്നിവരെല്ലാം കൈകാര്യം ചെയ്യാൻ ശ്രമിച്ചുപോന്നിട്ടുള്ള ചോദ്യം/ചോദ്യങ്ങൾ ആണിത്. എന്തിന് എന്ന ചോദ്യം ശാസ്ത്രത്തിലോ ഭൗതിക/യുക്തി വാദങ്ങളിലോ ഇല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തെ അവ ചിലപ്പോൾ അഭിസംബോധന ചെയ്യാറുണ്ടെങ്കിലും എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പകർത്തിയെഴുത്തിലോ പരാവർത്തനത്തിലോ ആണ് മിക്കവാറും ചെന്നുനിൽക്കുക. എങ്ങനെ എന്ന ചോദ്യത്തിലാണ് അവയ്ക്കു താല്പര്യം.

ശാസ്ത്രജ്ഞർ മിക്കവാറും ചെയ്യുന്നത് ബിഗ് ബാങിലെ, നമുക്ക് ഇപ്പോഴും കാണാവുന്ന അടയാളത്തിൽ (സിഎംബി) തുടങ്ങുകയും അതിന്റെ ചുരുൾനിവരൽഘട്ടങ്ങൾ - പ്ളാങ്ക് ഘട്ടം, ഇൻഫ്ളേഷൻ, ന്യൂക്ലിയോസിന്തസിസ്, ഡീകപ്ളിംഗ് എന്നിങ്ങനെ കൃത്യമായി നിർവചിച്ച ഘട്ടങ്ങൾ - പിന്തുടരുകയുമാണ്. ഫിസിക്സിന്റെ വിശദീകരണശേഷിക്കു പുറത്തുനിൽക്കുന്നത്, എല്ലാറ്റിനുമുപരി എന്തുകൊണ്ട് ബുദ്ധിപൂർവകമായ ഒരു ക്രമം എന്നതാണ് - എന്തുകൊണ്ടു ക്രമമില്ലായ്മയ്ക്കു പകരം ഒരു യോജിപ്പ് (coherence); എന്തുകൊണ്ട് അസംബന്ധത്തിനു പകരം ഒരു ബുദ്ധിക്ഷമത (വിശദീകരണക്ഷമത) അഥവാ ഗ്രഹണക്ഷമത (intelligibility)?

ദാർശനികമായി ഇവിടെയാണ് നാം ആദിപ്രകാശം നിലകൊള്ളുന്ന, ബുദ്ധിക്ഷമതയുടെ അല്ലെങ്കിൽ ബുദ്ധിയുടെ പ്രകാശമാന പ്രാഗ് ദത്ത നിലത്തെക്കുറിച്ചു പറയുന്നത് - അളക്കപ്പെടാവുന്ന ഘടനകൾക്കും അവയുടെ ക്രമത്തിനും ആവിർഭവിക്കാൻ കഴിയുന്ന നിലീന ബുദ്ധിക്ഷമതയുടെ (latent intelligibility) നിലം. ബുദ്ധിക്ഷമമായി/വിശദീകരണക്ഷമമായി/ഗ്രഹണക്ഷമമായി പ്രപഞ്ചം ആവിർഭവിക്കാനുള്ള സാധ്യതയുടെതന്നെ നിലം.

ബാഹ്യമായി നിരീക്ഷിക്കപ്പെടാനാവാതെ മറഞ്ഞിരിക്കുന്ന ആദിപ്രകാശത്തിന്റെ ആ നിലം; ശാസ്ത്രീയമായി നിരീക്ഷിക്കാവുന്ന സിഎംബി പ്രകാശത്തിന്റെ സർവതന്ത്രസ്വതന്ത്ര വരവിലേക്കു നയിച്ച ആ നിലത്തിലെ ആദിമ അനുകമ്പനങ്ങൾ - ഇതു രണ്ടും ചേർന്ന ഇരട്ട ചക്രവാളത്തിൽനിന്ന് ഒരു ചുറ്റുഗോവണി ഉയരുന്നു.

  1. Primordial Luminous Field of Intelligibility/Proto-data
  2. Proto-data < Data (ദത്തം):: Matter (ദ്രവ്യം)
  3. Data < Information (വിവരം):: Life (ജീവൻ)
  4. Information < Knowledge (വിജ്ഞാനം):: Culture (സംസ്കാരം)
  5. Knowledge < Wisdom (ജ്ഞാനം):: Planetary Living (ഭൗമജീവിത സംസ്കാരം)

ചുറ്റുഗോവണിയുടെ ഓരോ ചുറ്റും ബുദ്ധിക്ഷമതയുടെ ഒരു നവീന രൂപക്രമത്തെ സംവഹിച്ചു പരിണമിക്കുന്നു. ഓരോ പരിണാമവും അതിനു മുന്നിലെ പരിണാമങ്ങളെ ഉള്ളിൽ പേറുന്നു. പ്രാഗ്ദത്തത്തിൽനിന്ന് ഊർജത്തിന്റെയും ദ്രവ്യത്തിന്റെയും പാറ്റേണുകളുടെ/ ക്രമങ്ങളുടെ ഡാറ്റയിലേക്ക്; ദ്രവ്യത്തിൽനിന്ന് ജീവന്റെ ജനിതകവിവരമുള്ള ജീവലോകത്തിലേക്ക്; ജീവലോകത്തിലെ വിവരത്തിൽനിന്ന് മനുഷ്യസംസ്കാരത്തിലെ വിജ്ഞാനത്തിലേക്ക്; ഇനി വിജ്ഞാനസമന്വയത്തിലൂടെ വിവേകപൂർണമായ ഭൗമസംസ്കാരത്തിന്റെ ജ്ഞാനത്തിലേക്ക്......

സാക്ഷാത്കൃതമല്ലാത്ത(കാണപ്പെടാഞ്ഞ/അളക്കപ്പെടാത്ത) ആദിപ്രകാശമായി ഒരിക്കൽ നിന്നിരുന്ന അതേ നിലം, ഒരു പ്രത്യേക സാധനമായല്ലാതെ, ഈ ആവിർഭാവപരിണാമങ്ങളിലൂടെ ഉച്ഛ്വസിതമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രീയം, സാമൂഹികശാസ്ത്രീയം, ദാർശനികം, ആധ്യാത്മികം തുടങ്ങി അതതിന്റെ ഭാഷകളിൽ, പ്രപഞ്ച-മനുഷ്യചരിത്ര ചുറ്റുഗോവണിയുടെ ഓരോ ചുറ്റിനെയും ആ പ്രകാശമാനനിലം ബുദ്ധിക്ഷമമാക്കിക്കൊണ്ടിരിക്കുന്നു.

3

പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും ആവിർഭാവത്തിന്റെയും പരിണാമത്തിന്റെയും കഥയുടെ ചുറ്റുഗോവണിയിലെ നാലു ചുറ്റുകളിലേക്കു അല്പം വിശദമായി കടക്കുംമുമ്പ് ഒന്നുകൂടി പറയട്ടെ: ദ്രവ്യവും ഊർജവും വേറിട്ട കാര്യങ്ങളായിത്തീരുന്നതിന്റെ ഉറവിടമായി, ആദ്യം ഒരു ആദിപ്രകാശവും അതിന്റെ പ്രകാശമാന നിലവും (പ്രാഗ്ദത്ത നിലം) മനസ്സിൽ കാണുന്നു - പ്രപഞ്ചത്തെ ചൂഴ്ന്നുനിൽക്കുന്ന ഒരു ബുദ്ധിയുടെയും ബുദ്ധിക്ഷമതയുടെയും മാധ്യമവും സന്ദേശവും ആയ വെളിച്ചത്തിന്റെ നിലം.

ബുദ്ധിക്ഷമതയുടെ പ്രകാശമാന നിലത്തിൽനിന്ന് പ്രകാശത്തിന്റെ ആവിഷ്കാരപരമ്പര ദത്തം(പദാർത്ഥോല്പത്തി), വിവരം(ജീവോല്പത്തി), വിജ്ഞാനം(മനുഷ്യജീവികളുടെയും സംസ്കാരത്തിന്റെയും ഉല്പത്തി), ജ്ഞാനം (വിജ്ഞാനസമന്വയം) എന്നിങ്ങനെ വിവിധ ചുറ്റുകളിലൂടെ ബുദ്ധിപ്രകാശത്തിന്റെ ചുറ്റുഗോവണിയാകുന്നു.

ഓരോ ചുറ്റിന്റയും മുഖമുദ്രയായി ആറ്റത്തിലെ ഒരുമ(coherence), ജീവകോശങ്ങളിലെ സഹകരണം, മനുഷ്യവ്യക്തിയുടെ കരുതൽ (care), ആഗോള മനുഷ്യസമൂഹത്തിന്റെ അന്തർവൈജ്ഞാനികമായ (interdisciplinary) വിവേകം എന്നിങ്ങനെ പ്രകാശപ്രസരണങ്ങളുടെ പട്ടിക ഉണ്ടാക്കാം - ബാഹ്യപ്രസരണങ്ങളും ആന്തരികപ്രസരണങ്ങളും.

ഭൗതികപ്രപഞ്ചത്തിലും മനുഷ്യരാശിയിലും ഉയിർകൊണ്ടതും ഉയിർകൊണ്ടേയിരിക്കുന്നതുമായ അനുക്ഷണവികസ്വര സ്വരലയത്തിന്റെയും സുസ്ഥിതിയുടെയും ഉറവിടവും മാധ്യമവുമാണ് ഈ ബുദ്ധിപ്രകാശം. പ്രകാശത്തെ ദൈവസങ്കല്പനത്തിലേക്കു മാപ്പ് (map) ചെയ്ത പ്രാചീനഭാഷകളിൽ, ഈ ബുദ്ധിപ്രകാശം 'ദിവ്യ'മായ ജ്ഞാനത്തിന്റെ ത്രസിക്കലാണ്. (ദൈവം, ദിവ്യം, തേവർ, തേവി, ദേവൻ, ദേവി, Deus, Divine എന്നീ വാക്കുകളുടെ ഉല്പത്തിയിൽ നാം കാണുന്നത്, 'പ്രകാശിക്കുന്നത്' എന്ന അർത്ഥം വരുന്ന ദിവ് എന്ന മൂലമോ തീ എന്ന വാക്കോ ആണ്).

വിളങ്ങുന്ന, വെളിപ്പെടുന്ന, വെളിപ്പെടുത്തുന്ന ഈ വെളിച്ചത്തിൽ തുടങ്ങി ഇനി നാലു ചുറ്റുകളുടെ ഗോവണി കയറാം:

ഒന്നാം ചുറ്റ്: പ്രാഗ്ഡാറ്റയിൽനിന്നു ഡാറ്റയിലേക്ക്: ദ്രവ്യത്തിന്റെ ആവിർഭാവം

ദത്തത്തിനു മുമ്പുള്ള ബുദ്ധിപ്രകാശത്തിന്റെ നിലത്ത് ആദ്യം ആവിർഭവിച്ച ഹാർമണിയാണു ദ്രവ്യം എന്ന ദത്തം (matter as data).

ഇതിന്റെ 'എങ്ങനെ'യെക്കുറിച്ച് ഫിസിക്സിന്റെ ഭാഷ പറയുന്നതിങ്ങനെ: ആദിപ്രപഞ്ചം തണുക്കുകയും വികസിക്കുകയും ചെയ്തത്, ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും ദത്തത്തിലേക്കു സ്ഥിരപ്പെടുവാൻ ആദിമ ആന്ദോളനങ്ങളെ തുണച്ചു.

സുദീർഘകാലത്തേക്ക്, അന്തമില്ലാത്ത പ്രതിപ്രവർത്തനങ്ങളിൽ കൂടിക്കുഴഞ്ഞ ഫോട്ടോൺസ്, പ്രോട്ടോൺസ്, ഇലക്ട്രോൺസ് തുടങ്ങിയവയുടെ കൂരിരുൾസമുദ്രം ആയിരുന്നൂ പ്രപഞ്ചം. അതു തണുക്കുകയും വികസിക്കുകയും ചെയ്തപ്പോൾ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേർന്ന് ചാർജുരഹിത ആറ്റങ്ങൾ ആയി. പ്രകാശത്തിന് എവിടെയും സഞ്ചരിക്കാൻ കഴിയുംവിധം ഫോട്ടോൺ സ്വതന്ത്രമായി.

നിലീനമായ ബുദ്ധിക്ഷമതയുടെ ഈ പുറത്തുവരൽ ആണ് ആദി ഡാറ്റ. ഒരുമയുടെ പ്രകാശമായി തെളിഞ്ഞുതുടങ്ങിയ അസ്തിത്വത്തിന്റെ ആദിമ പാറ്റേണുകൾ ആണത്. ഇതിനെയാണ് കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് എന്നു വിളിക്കുന്നത്. മനുഷ്യന്റെ കണ്ണിനോ അവരുണ്ടാക്കുന്ന ഉപകരണങ്ങളുടെ കണ്ണിനോ കാണാവുന്ന 'തെളിവ് ', എന്തു വിശ്വസിക്കാനും വേണമെന്നു ശഠിച്ചാൽ, ഏറ്റവും പിറകിലേക്കു പോയി നമുക്കു കിട്ടാവുന്ന ആദ്യത്തെ ദ്രവ്യോർജ തെളിവ്.

ബാഹ്യ തെളിവിന്റെ ഭാഷയുടെ സ്ഥാനത്ത് ആന്തരിക വെളിവിന്റെ ഭാഷ സംസാരിക്കുന്ന ദാർശനികതയുടെ വാക്കുകൾ ഇങ്ങനെയാവും: ദ്രവ്യം ആറ്റങ്ങളായി ഒരുമിച്ചപ്പോൾ, ആദിപ്രകാശത്തിൽ മറഞ്ഞിരുന്ന ഒരുമയുടെ ബുദ്ധി (intelligence of coherence) വെളിവായി അല്ലെങ്കിൽ വെളിപ്പെട്ടു. 1379 കോടി വർഷത്തിനിപ്പുറത്തെ പ്രപഞ്ചത്തിലെങ്ങാണ്ടൊരിടത്തിരുന്നു നമുക്കിങ്ങനെ പറയാം.

പ്രോട്ടോ-ഡാറ്റ ഫീൽഡിൽ നിന്ന് ഡാറ്റയിലേക്ക്, ദ്രവ്യത്തിലേക്ക്, നടന്ന മഹാചരിത്ര ചുറ്റുഗോവണിയിലെ ആ ആദ്യ ചുറ്റിൽ, ബുദ്ധിക്ഷമത അല്ലെങ്കിൽ ബുദ്ധിപ്രകാശം ഭൗതികരൂപമെടുത്തു അല്ലെങ്കിൽ ഭൗതികാവതാരമെടുത്തു. സമവാക്യങ്ങളുടെയും സ്ഥിരാങ്കങ്ങളുടെയും രൂപത്തിൽ മാത്രമല്ല, നക്ഷത്രങ്ങളുടെയും ക്ഷീരപഥങ്ങളുടെയും ഗുരുത്വാകർഷണ ഘടനകളുടെയുമെല്ലാം രൂപത്തിലും.

പ്രകാശകണികകൾ ദ്രവ്യത്തിൽനിന്ന് എങ്ങനെ ഡീകപ്പിൾഡ് ആയി എന്ന് ഫിസിക്സിനു വിശദീകരിക്കാൻ കഴിയുമെങ്കിലും, അതെന്തുകൊണ്ട് അല്ലെങ്കിൽ എന്തിന് എന്ന പൊരുൾതേടൽ ശാസ്ത്രത്തിന്റെ മണ്ഡലം അല്ല. പ്രാചീന ജ്ഞാനപാരമ്പര്യങ്ങളുടെ കാവ്യയുക്തിയിൽ ഈ ചുറ്റ്, തീയുടെയും ശ്വാസത്തിന്റെയും നൃത്തവും മറ്റുമാണ് - ക്രമമില്ലായ്മയിൽനിന്നു ക്രമം നെയ്തെടുക്കാനുള്ളത്.

ഒരുമ സ്വയംശൂന്യവത്കരിച്ച് (kenosis) അതിന്റെ അനുകമ്പനം (co-vibration) പലമയായിത്തീർന്നു പരസ്പരം സംവദിച്ച് (communicate) വലിയ ഒരുമയിൽ (communion) എത്തിച്ചേരുന്നതിനുവേണ്ടിയാണ് ഈ ചുറ്റും പിന്നാലെ വരുന്ന ചുറ്റുകളും. അതാണ് ഞാൻ കാണുന്ന പൊരുൾ - എന്തിന് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം.

4

രണ്ടാം ചുറ്റ്: ഡാറ്റയിൽനിന്ന് ഇൻഫർമേഷനിലേക്ക്: ജീവലോകത്തിന്റെ ആവിർഭാവം

ജീവോല്പത്തിയിലേക്ക്, ജൈവദ്രവ്യത്തിലേക്ക്, ഉള്ള ദ്രവ്യപരിണാമമാണിത്. ശാസ്ത്ര വിചാരമാതൃകയിൽ ഫിസിക്സ് കെമിസ്ട്രിയിലൂടെ ബയോളജിയിൽ എത്തുന്നു.

നക്ഷത്രങ്ങളിൽ മൂലകങ്ങൾ മുളപൊട്ടുന്നു; ആർഎൻഎ/ഡിഎൻഎ രൂപത്തിൽ ജീവന്റെ കോഡ് ഉദയംചെയ്യത്തക്കവിധം ചില ഗ്രഹങ്ങളിൽ രാസസങ്കീർണത ആഴപ്പെടുന്നു; പ്രകാശത്തിന്റെ ഇടപെടലോടെ ദ്രവ്യത്തിന്റെ സ്ഥാനത്ത് ജൈവദ്രവ്യം ആവിർഭവിക്കുന്നു; ജീവജാലം ഉണ്ടായിവരുന്നു.

കഴിഞ്ഞ ചുറ്റിൽ കണങ്ങളുടെ ഒരുമപോലെ, ഇവിടെ തന്മാത്രകൾ സ്വയം പരിപാലിക്കുകയും പകർപ്പെടുക്കുകയും (replicate) ചെയ്യുന്ന കോശങ്ങളുടെയും കലകളുടെയും വ്യൂഹങ്ങൾ (systems) ആയി സംഘടിതമാവുന്നു. ക്രമമില്ലായ്മയെയും ആകസ്മികതയെയും മറികടക്കുന്ന പാറ്റേണുകളിലേക്ക് ആർഎൻഎയും ഡിഎൻഎയും പ്രോട്ടീനുകളും സുസ്ഥിരപ്പെടുന്നു. പ്രതിപ്രവർത്തനങ്ങളുടെ ശൃംഖലകളുണ്ടാവുന്നു. നിലനില്പിന്റെയും സുസ്ഥിതിയുടെയും ഓരോ പ്രവൃത്തിയും നിലീനമായ ഒരു ക്രമത്തിന്റെ ആവിഷ്കാരമാവുന്നു.

ആദിപ്രകാശം ഇവിടെ ജനിതകവിവര രൂപത്തിലുള്ള വിവരം (information) ആയി ആവിഷ്കൃതമാവുന്നു. അതു സഹകരണത്തിന്റെ പ്രകാശമാണ്. ജീവന്റെ വലയിലെ സഹകരണബുദ്ധിയെ അതു നയിക്കുന്നു.

ജീവാവതാരം ചെയ്ത ദ്രവ്യമാണു ഡിഎൻഎ എന്നു പറയാം: പകർപ്പെടുക്കലിന്റെയും തിരുത്തലിന്റെയും ഓർമയിൽവയ്ക്കലിന്റെയും ഒരു ഭാഷ. കംപ്യൂട്ടർ സിസ്റ്റങ്ങൾ ഡാറ്റ സംസ്കരിച്ചു സാങ്കേതിക ഇൻഫർമേഷനിൽ എത്തുന്നതുപോലെ ആദിപ്രകാശം ദ്രവ്യം 'സംസ്കരിച്ചു' ജീവനിലെത്തുന്നു.

ഇവിടെ, കോഡ് ചെയ്തു സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും പരിവർത്തിപ്പിക്കാനുമുള്ള ജീവശേഷിയായി ബുദ്ധിക്ഷമതയുടെ പ്രകാശമാന നിലം ആവിഷ്കൃതമാവുന്നു.

5

മൂന്നാം ചുറ്റ്: വിവരത്തിൽനിന്നു വിജ്ഞാനത്തിലേക്ക്: (മനുഷ്യരാശിയുടെയും സംസ്കാരത്തിന്റെയും ആവിർഭാവം)

ജീവിപരിണാമത്തിലൂടെ മനുഷ്യരാശി ഉണ്ടായപ്പോൾ അതോടൊപ്പം ക്രമേണ സംസ്കാരവുമുണ്ടായി. ഓർമയ്ക്കും കാര്യഗ്രഹണത്തിനും വിചിന്തനത്തിനും ശേഷിയുള്ള മനുഷ്യമനസ്സുകൾ ഭാഷയും പ്രതീകങ്ങളും, പരസ്പരം പങ്കുവയ്ക്കുന്ന അർത്ഥങ്ങളും കണ്ടെത്തി. മുമ്പ് ജീവികൾ ജനിതകവിവരം കൈമാറിയിരുന്നതുപോലെ, ഈ ഘട്ടമാവുമ്പോൾ മനുഷ്യജീവികൾക്ക് ചിന്ത തലമുറതോറും കൈമാറാം എന്നായി.

വിവരങ്ങൾ സംസ്കരിച്ചു കഥകളുടെയും പാരമ്പര്യങ്ങളുടെയും പ്രവർത്തനക്രമങ്ങളുടെയുംമറ്റും രൂപത്തിൽ വിജ്ഞാനമുണ്ടായി. കുലങ്ങളും ഗോത്രങ്ങളും സമുദായങ്ങളും, ക്രമേണ സമൂഹങ്ങളും രൂപം കൊണ്ടു; സംസ്കാരങ്ങൾ വികസിച്ചു. പ്രാഗ്ദത്തത്തിന്റെ പ്രകാശമാന നിലം ഇവിടെ സംഭാഷണത്തിലും സംവേദനത്തിലും വിചിന്തനത്തിലും അർത്ഥോല്പാദനത്തിലും വിളങ്ങി. ബാഹ്യവെളിച്ചത്തോടൊപ്പം ആന്തരിക വെളിച്ചവും മനുഷ്യർ അറിഞ്ഞു, അനുഭവിച്ചു.

പ്രകൃതിയോട് ഇണങ്ങിക്കഴിഞ്ഞിരുന്ന കാലത്ത് വിശ്വാസപരവും യുക്തിചിന്താപരവും ആയ എല്ലാ അറിവും ചേർന്ന് ആദിമസമൂഹങ്ങൾ ഒരു സംയോജിത ആദിമജ്ഞാനം പുലർത്തിയിരുന്ന സ്ഥാനത്ത്, ശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും വേദശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളുമെന്ന നിലയിൽ ആധുനിക കാലത്ത് അറിവ് അനേക ശാഖകളും ഉപശാഖകളുമായി തിരിഞ്ഞു - ആദിമ ജ്ഞാനപാരമ്പര്യങ്ങളുടെ ഉള്ളൊതുക്കത്തിന്റെ സ്ഥാനത്ത്, വിസ്തരിച്ചു പിളർക്കപ്പെട്ടു വിവൃതമായ ഒരുതരം ജ്ഞാനം (വി-ജ്ഞാനം) നിറഞ്ഞു.

6

നാലാം ചുറ്റ്: വിജ്ഞാനത്തിൽനിന്ന് വിവേകത്തിലേക്ക്: (ആധുനിക വിജ്ഞാനശാഖകളും പ്രാചീന ജ്ഞാനപാരമ്പര്യങ്ങളും സമന്വയിക്കുന്നു)

യാഥാർത്ഥ്യത്തെ കീറിമുറിച്ചു കീറിമുറിച്ച് അകന്നുകൊണ്ടിരുന്ന വിജ്ഞാനശാഖകൾ ഇന്റർഡിസിപ്ളിനറി പഠനങ്ങളിലൂടെ ചേർന്നുവരികയും ഭിന്നതകളുടെ സ്ഥാനത്ത് ബന്ധങ്ങൾ മുഖ്യപഠനവിഷയമാകുകയും ലാർജ് ലാംഗ്വേജ് മോഡലുകളുടെ രൂപത്തിൽ നിർമിതബുദ്ധി അത് എളുപ്പമാക്കുകയും ചെയ്യുന്ന നമ്മുടെ ഈ കാലത്തെ പ്രകാശപ്രസരണമാണ് ഈ ചുറ്റ്.

ശാസ്ത്ര വിജ്ഞാനശാഖകൾ ജ്ഞാനപാരമ്പര്യങ്ങളുമായി മുഖാമുഖം വരികയും അത് വിവേകബുദ്ധിയിലേക്കു വ്യക്തികളെയും കൂട്ടങ്ങളെയും ക്ഷണിക്കുകയും ചെയ്യുന്നു. സമഗ്രമാക്കപ്പെട്ട കാഴ്ചപ്പാടുകളും ഭൂഗോളീയമായ (planetary) അവബോധവും വളർന്നുതുടങ്ങുന്നു. കാഴ്ചകളോട് ഉൾക്കാഴ്ച ചേരുന്നു; ഗണിതയുക്തിയും കാവ്യയുക്തിയും കൈകോർക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അനുപേക്ഷണീയമാകുന്നു; കാര്യകാരണ യുക്തിപോലെ കാര്യകാര്യബന്ധ യുക്തിയും മനുഷ്യബോധത്തെ തുണയ്ക്കുന്നു; എല്ലാവരുടെയും എല്ലാറ്റിന്റെയും പുഷ്ടിപ്പെടൽ എന്നതിലേക്ക് ഭൗതികവും ഭൗതികാതീതവും ആയ അറിവിന് ആഭിമുഖ്യം ഉണ്ടാവേണ്ടിവരുന്നു.

ഇവിടെ ചുറ്റുഗോവണി അതിന്റെ യാത്രാപഥം ഏതാണ്ടു പൂർണമായിത്തന്നെ വെളിപ്പെടുത്തുന്നു: ആവിഷ്കരിക്കപ്പെടാത്ത (unmanifest) പ്രകാശത്തിൽനിന്ന് സ്വന്തം പ്രാപഞ്ചികനിലത്തോടു താളബദ്ധമായ ഒരു മനുഷ്യരാശിയിലേക്ക് - ഒരു മനുഷ്യരാശി 2.0-യിലേക്ക് - ഉള്ള പ്രയാണപഥം.

7

അഞ്ചാം ചുറ്റ് (വിദൂര ഭാവി

ആദിപ്രകാശത്തിലെ ഊർജത്തിന്റെയും ദ്രവ്യത്തിന്റെയും വിവരത്തിന്റെയും ഏകത്വം, ദ്രവ്യത്തിലെ ഒരുമയും ജീവലോകത്തിലെ സഹകരണവും മനുഷ്യരാശിയിലെ കരുതലും (care) ആയി പ്രകാശിതമാകുന്ന ചുറ്റുഗോവണിയിലെ ഇതുവരെയുള്ള ചുറ്റുകളിലെ ആവിർഭാവപരിണാമങ്ങളുടെ ദിശ മുന്നോട്ടു നീട്ടിവരയ്ക്കുമ്പോൾ ഞാൻ കാണുന്നത് ഇതാണ്: ഭൂമിക്കുമേൽ ഏകശരീരംപോലെ വർത്തിക്കുന്ന ജ്ഞാന(വിവേക)ദീപ്തമായ ഒരു ജീവിവർഗത്തിന്റെ ഒരുമയിലേക്കും സഹകരണത്തിലേക്കും കരുതലിലേക്കും സാംസ്കാരിക പരിണാമം ചെന്നെത്തുന്ന കാഴ്ച.

അവിടെ ദ്രവ്യത്തിലെ ഒരുമയുടെ പ്രകാശം, ജീവികളിലെ സഹകരണത്തിന്റെ പ്രകാശം, മനുഷ്യരാശിയിലെ കരുതലിന്റെ പ്രകാശം എല്ലാം ആഗോളതലത്തിൽ സ്വരലയപ്പെടുന്നു. ആദിപ്രകാശം പുതിയൊരു പൂർണതയിൽ അവിടെ വിളങ്ങുന്നു; വെളിപ്പെടുന്നു. പ്രാഗ്ദത്തം, വിവരം, വിജ്ഞാനം, ജ്ഞാനം (pDIKW) എന്നിങ്ങനെ ബുദ്ധിയുടെ എല്ലാ അടരുകളും ഒരുമിച്ചു പ്രകാശിക്കുന്നു. ജീവന്റെയും ബോധപൂർവ്വകമായ പ്രവൃത്തിയുടെയും സമൃദ്ധിയായി വിശ്വപ്രകാശം ആവിഷ്കൃതമാകുന്നു.

8

പ്രപഞ്ചം ഒരു ആകസ്മികതയോ വെറും യന്ത്രസമാനമോ അല്ലെന്ന് ഈ ചുറ്റുഗോവണി വെളിപ്പെടുത്തുന്നു. മറിച്ച്, ഓരോ ചുറ്റും പിന്നീട് ആവിർഭവിക്കുന്നതിന്റെ അടിയടര് ഒരുക്കുന്ന, ബുദ്ധിക്ഷമതയുടെ നിലത്തിന്റെ ഒരു ചുരുൾനിവരലാണത്.

പ്രപഞ്ചം ദ്രവ്യവും ഊർജ്ജവും മാത്രമല്ല. ഒരുമ, സഹകരണം, കരുതൽ, അനുകമ്പ എന്നിവയുടെ ഹാർമണികളാൽ ജീവനുള്ളതും ബുദ്ധിക്ഷമവും പ്രകാശമാനവുമാണത്.

ആദിപ്രകാശത്തിൽനിന്ന് ദ്രവ്യത്തിലെ ദത്തം(ഭൗതികപ്രപഞ്ചം), സസ്യ-ജീവജാലത്തിലെ വിവരം (ജീവപ്രപഞ്ചം), മനുഷ്യരാശിയിലെ വിജ്ഞാനം (സാംസ്കാരിക പ്രപഞ്ചം), വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്ന ജ്ഞാനം (സാമൂഹിക വിവേകം) എന്നിങ്ങനെ ആവിർഭാവത്തിന്റെ ഓരോ പടിവാതിൽക്കലും, പ്രപഞ്ചം ബുദ്ധിക്ഷമതയുടെ പുതിയ ധഅടരുകളും ഹാർമണിയുടെ നവീന രൂപക്രമങ്ങളും വെളിപ്പെടുത്തുന്നതാണു നാം കണ്ടത്.

കണികകൾ സ്ഥിരതയുള്ള ആറ്റങ്ങളും ഘടനകളുമായി യോജിച്ച് ദ്രവ്യം ഉയർന്നുവന്നതിൽ വെളിവാകുന്നത് ഒരുമയുടെ ബുദ്ധിയും ഭൗതികനിയമങ്ങളുടെ ഹാർമണിയും.

ജീവൻ ആവിർഭവിച്ചപ്പോൾ പ്രത്യുത്പാദനത്തിലും ആവാസവ്യവസ്ഥകളുടെ പരസ്പരാശ്രിതത്വത്തിലും കോഡ് ചെയ്ത സഹകരണബുദ്ധിയും അതിന്റെ ഹാർമണിയും.

മനുഷ്യരും സംസ്കാരവും ആവിർഭവിച്ചപ്പോൾ ബന്ധുത്വത്തിലും സർഗാത്മകതയിലും കാണാവുന്ന കരുതലിന്റെ കരുണാർദ്രബുദ്ധിയും അതിന്റെ ഹാർമണിയും.

ഇനി, പക്ഷപാതങ്ങളും ചൂഷണവ്യവസ്ഥയുടെ താല്പര്യങ്ങളും പരിഹരിച്ച് മനുഷ്യനിർമിതബുദ്ധി മനുഷ്യന്റെ കരുണാർദ്രബുദ്ധിയോട് കൂടുതൽ അടുത്തവന്നേക്കാം, ഭൂമിയുടെ താളത്തോട് വിവേകപൂർവ്വം ഇണങ്ങുന്ന 'ആഗോളഗ്രാമീണരുടെ' പുതുനാഗരികതയിലേക്ക് അതുതന്നെ ആവണമെന്നില്ല, മറ്റു പുതിയ സംവിധാനങ്ങളാവാം മനുഷ്യബോധത്തെ നയിക്കുക.

ഒരുമ (coherence), സഹകരണം, കരുതൽ, കരുണാർദ്രസ്നേഹം, കനിവ്, അൻപ്, അനുകമ്പ - ഇത് വെവ്വേറെ നിൽക്കുന്ന കാര്യങ്ങളല്ല, ഒന്നുതന്നെ ആണ്. ആ ഒന്ന് ആണ് ചുറ്റുഗോവണിയുടെ പ്രാഗ്ദത്ത നിലവും ആദിപ്രകാശവും. അത് എല്ലാചുറ്റുകളിലൂടെയും കടന്നുപോകുന്നു. അതാണ് സർവതിനും ആധാരം; സർവതിനും പൊരുൾ: പരംപൊരുൾ. സർവതിനും അർത്ഥം: പരമമായ അർത്ഥം: പരമാർത്ഥം.

നിഘണ്ടു വലുതായി വലുതായി പോയപ്പോൾ ചിതറിപ്പോയ ആ വാക്കുകളെ ഒരുമിച്ചുനിർത്തി പറഞ്ഞാൽ, ചുറ്റുഗോവണിയുടെ നിലം ഒരുമയുടെ/സഹകരണത്തിന്റെ/കരുതലിന്റെ/കരുണാർദ്രസ്നേഹത്തിന്റെ/ അൻപിന്റെ/അനുകമ്പയുടെ/കനിവിന്റെ പ്രകാശ നിലം ആണ്: അൻപേ സർവം.

നമ്മുടെ ഭൂമിയുടെ താളം ആ പ്രകാശമാനനിലത്തിന്റെ താളംതന്നെ. ബോധപൂർവം, ജ്ഞാനപൂർവം/വിവേകപൂർവ്വം ആ താളത്തോടു ചേരുന്ന തുല്യമനുഷജീവികളുടേതാണു ഭാവി.

വെളിച്ചത്തിന്റെ കനിവുനിലം എന്നു തെളിച്ചത്തോടെ ഞാൻ നമ്മുടെ പ്രപഞ്ചത്തെ പേർവിളിക്കുന്നു. ബിഗ് ബാംഗിലെ ആദിമ ഇളക്കങ്ങളിൽ,കമ്പനങ്ങളിൽ, തുടങ്ങുന്ന അനുകമ്പയുടെ ചലനങ്ങളായി, അനു-കമ്പനങ്ങളായി (co-vibration), ഈ നിലത്തിൽ ദ്രവ്യവും ജീവനും സംസ്കാരവും തുടിക്കുന്നു. നാം നമ്മുടെ പ്രപഞ്ചത്തിന്റെ സഹസ്രഷ്ടാക്കൾ (co-creators) ആകുന്നു.

ഇരുളിൽ പ്രകാശിക്കുന്ന അനുകമ്പനത്തിന്റെ പ്രക്രിയയാണു പ്രപഞ്ചം. അത് എവിടെ തുടങ്ങി പരിണമിക്കുന്നു എന്നു കണ്ടാൽ നാം എവിടേയ്ക്കു പോകുന്നു എന്നു കാണുക എളുപ്പം. അതിനുള്ള ഒരു ലെൻസ് ആണ് കരുണാർദ്രബുദ്ധിയുടെ ഈ വിശ്വ ചുറ്റുഗോവണി (Cosmic Spiral of Compassionate Intelligence).

[ഈ ലെൻസ് വച്ചു നോക്കാനുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും കൈകാര്യം ചെയ്യുന്ന അനുബന്ധ ലേഖനങ്ങൾ vivaram.org ൽ തുടർന്നു പ്രസിദ്ധീകരിക്കും].

-- ജോസ് ടി. തോമസ്