വിവരം.ഓർഗ് | Vivaram.org

പുതുലോകത്തിന്റെ ഉമ്മറപ്പടിയിൽ മാർക്സിസം അഭിമുഖീകരിക്കുന്ന വെല്ലുവിളി 🌿

പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ മുതലാളിത്തത്തെ വിമർശിക്കാൻ കാൾ മാർക്സ് വികസിപ്പിച്ച വിശകലനരീതി അത്യന്തം ശക്തമായിരുന്നു. വർഗ്ഗാധിപത്യം, ചൂഷണം, മൂലധനസമാഹരണം തുടങ്ങിയ മേഖലകളിൽ മനുഷ്യചരിത്രത്തെ മനസ്സിലാക്കാൻ മാർക്സ് വലിയ സംഭാവന നൽകി. എന്നാൽ ഇന്നു മനുഷ്യരാശി കടന്നുപോകുന്നത് വ്യവസായയുഗത്തിന്റെ അതിരുകൾക്കപ്പുറമുള്ള ഒരു പുതിയ ഘട്ടത്തിലൂടെയാണ്. ഈ പുതിയ അവസ്ഥയെ ഗ്രഹിക്കാൻ മാർക്സിസത്തിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന reductionism-ഉം determinism-ഉം മറികടക്കേണ്ടിവരുന്നു.

Reductionism എന്നത് സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ ഒരു ഘടകത്തിലേക്കു ചുരുക്കിക്കാണിക്കുന്ന പ്രവണതയാണ്. പരമ്പരാഗത മാർക്സിസത്തിന്റെ ചില രൂപങ്ങൾ സംസ്കാരത്തെയും മതത്തെയും നൈതികതയെയും ബോധത്തെയും പോലും സാമ്പത്തിക അടിത്തറയുടെ “പ്രതിഫലനം” മാത്രമായി കാണാൻ ശ്രമിച്ചു. എന്നാൽ മനുഷ്യചരിത്രം വെറും ഭൗതികോത്പാദനബന്ധങ്ങളുടെ ചരിത്രമല്ല. ഭാഷ, ചിഹ്നം, ശാസ്ത്രം, മതം, സാങ്കേതികവിദ്യ, വിവരശൃംഖലകൾ, കൂട്ടുബോധം — ഇവയെല്ലാം ചരിത്രത്തെ രൂപപ്പെടുത്തുന്ന സജീവ ശക്തികളാണ്.

ഇന്നു വിവരസാങ്കേതികവിദ്യയും എഐയും പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥയും മനുഷ്യബന്ധങ്ങളെയും രാഷ്ട്രീയത്തെയും സാമ്പത്തികവ്യവസ്ഥകളെയും ഒരേസമയം പുനർസംഘടിപ്പിക്കുകയാണ്. ഇവിടെ “ഉത്പാദനോപാധി”യുടെ ഭൗതികാർത്ഥത്തിലുള്ള പഴയ ധാരണ മാത്രം മതിയാകുന്നില്ല. ഡാറ്റ, ശ്രദ്ധ (attention), വിവരപ്രവാഹം, അൽഗോരിതാത്മക നിയന്ത്രണം, മാനസിക സ്വാധീനം എന്നിവയും അധികാരത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

Determinism എന്നത്, ചരിത്രം കൃത്യമായി നിർണ്ണയിക്കപ്പെട്ട ഒരു ദിശയിൽ അനിവാര്യമായി നീങ്ങുന്നു എന്ന ധാരണയാണ്. ചില മാർക്സിസ്റ്റ് പാരമ്പര്യങ്ങൾ മുതലാളിത്തത്തിന്റെ തകർച്ചയും സോഷ്യലിസത്തിന്റെ വരവും ചരിത്രനിയമമായി കണ്ടു. എന്നാൽ യഥാർത്ഥചരിത്രം അതിനേക്കാൾ സങ്കീർണ്ണമാണ്. മനുഷ്യസമൂഹങ്ങൾ നേരെ മുന്നോട്ടുള്ള ഒരു രേഖയിൽ വികസിക്കുന്നില്ല. അവയിൽ തകർച്ചയും പുനഃസംഘടനയും അനിശ്ചിതത്വവും സൃഷ്ടിപരമായ ചാട്ടങ്ങളും ഉണ്ടാകുന്നു.

ഇന്നു നാം ഒരു പുതിയ ഉമ്മറപ്പടിയിലാണു നിൽക്കുന്നത്: ഭൗതികപരിണാമത്തിൽനിന്നു ജൈവപരിണാമത്തിലേക്കും ജൈവപരിണാമത്തിൽനിന്നു സാംസ്കാരികപരിണാമത്തിലേക്കും ഇപ്പോൾ സാംസ്കാരികപരിണാമത്തിന്റെ ഒരു അന്തരാളഘട്ടത്തിലൂടെ എഐയുടെയും ആഗോളബോധത്തിന്റെയും പുതിയ പരിണാമപ്രക്രിയയിലേക്കും (ഒരു സാംസ്കാരിക പരിണാമം 2.0).

ഈ മാറ്റം വ്യവസായവിപ്ലവത്തെപ്പോലെ ഒരു സാമ്പത്തികമാറ്റം മാത്രമല്ല; മനുഷ്യബോധത്തിന്റെ ഘടനകളെത്തന്നെ മാറ്റാൻ ശേഷിയുള്ള ഒന്നാണിത്. അതുകൊണ്ട് പുതിയ കാലത്തെ മനസ്സിലാക്കാൻ മാർക്സിസം •⁠ ⁠- വസ്തുനിഷ്ഠതയെ ഉപേക്ഷിക്കാതെ, ബോധത്തിന്റെ സജീവപങ്ക് അംഗീകരിക്കണം; •⁠ ⁠- സാമ്പത്തിക വിശകലനത്തെ നിലനിർത്തിക്കൊണ്ട്, വിവരവും സംസ്കാരവും കേന്ദ്രശക്തികളാണെന്നു തിരിച്ചറിയണം •⁠ ⁠- സംഘർഷത്തിന്റെ യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും, സഹകരണത്തിന്റെ പരിണാമപ്രാധാന്യം മനസ്സിലാക്കണം

ഇന്ന് ലോകം ആവശ്യപ്പെടുന്നതു പഴയ reductionism അല്ല; interdisciplinary integration ആണ്. ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം, പരിസ്ഥിതി, മനഃശാസ്ത്രം, വിവരസിദ്ധാന്തം, നൈതികത — ഇവയെ ബന്ധിപ്പിച്ചുവേണം പുതിയ യാഥാർത്ഥ്യത്തെ ഗ്രഹിക്കാൻ ( അളവിലും തൂക്കത്തിലും ഗുണത്തിലും വ്യവസായ വിപ്ലവത്തെക്കാൾ വലുതാണു പുതിയ യാഥാർത്ഥ്യം എന്ന് ആദ്യമേ സമ്മതിക്കുന്നില്ലെങ്കിൽ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അതു വേറെ കാര്യം. അതു സമ്മതിച്ചവർക്കുവേണ്ടി ആണ് ഈ കുറിപ്പുകൾ).

മാറിയ രൂപഭാവങ്ങളിൽ മാർക്സിസം സ്വന്തം വിമർശനാത്മക ശക്തി നിലനിർത്തണമെങ്കിൽ അതു വ്യവസായയുഗത്തിന്റെ കർശന ഭൗതികവാദത്തിൽനിന്നു പുറത്തുകടന്ന് relational, informational, evolutionary ലോകബോധത്തിലേക്ക് വികസിക്കേണ്ടിവരും. അല്ലെങ്കിൽ അത് ചരിത്രത്തെ വ്യാഖ്യാനിച്ച വലിയ പാരമ്പര്യമായി തുടരുമെങ്കിലും, ഉയർന്നുവരുന്ന പുതിയ ലോകത്തെ മനസ്സിലാക്കുന്നതിൽ പിന്നിലാകും.

കഴിഞ്ഞ നൂറ്റാണ്ടിലെ Quantum Electrodynamics (QED) -നുശേഷമുള്ള ശാസ്ത്രീയ അന്തരീക്ഷം പഴയ യാന്ത്രിക ഭൗതികവാദത്തിൽനിന്നു പുറത്തുകടക്കാൻ വലിയ സഹായമാണു നൽകുന്നത്. ന്യൂട്ടോണിയൻ കാലഘട്ടത്തിലെപ്പോലെ പദാർത്ഥത്തെ ഉറച്ച, വേർതിരിച്ച, സ്വതന്ത്ര ഘടകങ്ങളുടെ കൂട്ടമായി മാത്രം കാണുന്ന സമീപനം ഇന്നു ശാസ്ത്രത്തിൽ മതിയായതല്ല. ക്വാണ്ടം ഫീൽഡ് സിദ്ധാന്തങ്ങൾ, സങ്കീർണ്ണതാശാസ്ത്രം (complexity science), systems theory, information theory, neuroscience, emergence studies എന്നിവ യാഥാർത്ഥ്യത്തെ കൂടുതൽ relational, dynamic, process-based രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. നിരീക്ഷകനും നിരീക്ഷിതവും പൂർണമായും വേർതിരിക്കാനാകാത്ത അവസ്ഥകൾ, self-organization, non-linearity, network effects, emergent intelligence തുടങ്ങിയ ആശയങ്ങൾ ഇന്ന് ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ പ്രാധാന്യമാർജിച്ചിരിക്കുന്നു. അതിനാൽ ബോധം, വിവരം, ബന്ധാത്മകത, സഹകരണം, ഉദയമാന ഗുണങ്ങൾ (emergent properties) എന്നിവയെ “അധിരചന” (superstructure) എന്ന നിലയിൽ മാത്രമാക്കി തള്ളിക്കളയുന്ന പഴയ reductionist materialism ഇനി ശാസ്ത്രീയമായും അപര്യാപ്തമാകുകയാണ്.

അതുപോലെ തന്നെ, പരിണാമത്തെ വെറും മത്സരത്തിന്റെ കഥയായും “survival of the fittest” പ്രയോഗത്തിലെ fitness-നെ ഒരുതരം സൂത്രശാലിത്വത്തിലേക്കു ചുരുക്കിയുമുള്ള പഴയ വായനകളിൽനിന്നു പുറത്തുകടക്കാൻ പുതിയ evolutionary theories വലിയ സഹായമാണു നൽകുന്നത്. തന്റെ പക്വഘട്ടത്തിൽ ഡാർവിൻതന്നെ സഹാനുഭൂതിയും കരുണയും സഹകരണവും മനുഷ്യപരിണാമത്തിലെ നിർണായക ഘടകങ്ങളാണെന്ന് അംഗീകരിച്ചിരുന്നു. ഇന്ന് evolutionary biology, systems ecology, symbiosis theory, gene–culture coevolution, multi-level selection theory തുടങ്ങിയ മേഖലകൾ ജീവന്റെ നിലനിൽപ്പിൽ സഹകരണത്തിന്റെയും പരസ്പരാശ്രയത്തിന്റെയും കേന്ദ്രപങ്ക് കൂടുതൽ വ്യക്തമായി കാണിച്ചുതരുന്നു. കോശങ്ങളിൽ നിന്ന് പാരിസ്ഥിതിക വ്യൂഹങ്ങൾ (ecosystems) വരെയും, മനുഷ്യക്കൂട്ടങ്ങളിൽനിന്ന് ആഗോള ശാസ്ത്രീയ സഹകരണ ശൃംഖലകൾവരെയും, പരിണാമത്തിന്റെ ചരിത്രം മത്സരത്തിന്റെ മാത്രം കഥയല്ല; ഉയർന്ന തലങ്ങളിലുള്ള integration-ന്റെയും coordination-ന്റെയും കഥ കൂടിയാണ്. അതിനാൽ വ്യവസായ യുഗത്തിലെ വർഗ്ഗസംഘർഷത്തിന്റെ യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും മനുഷ്യചരിത്രത്തിന്റെ മുഴുവൻ ചലനശക്തിയെ അതിലേക്കു മാത്രം ചുരുക്കാതെ, സഹകരണം, സഹസൃഷ്ടി, relational intelligence എന്നിവയുടെ പരിണാമപ്രാധാന്യവും ഉൾക്കൊള്ളുന്ന ഒരു വിശാല പരിണാമ ലോകവീക്ഷണം ഇന്നു കൂടുതൽ ആവശ്യമായി വരുന്നു.

•⁠ ⁠- ജോസ്ടി