വിവരം.ഓർഗ് | Vivaram.org

ഹരാരിയും വരൂഫാകിസും: നമ്മുടെ കാലത്തിന്റെ “യോനാ പ്രവാചകർ"?

യുവാൽ നോഹ ഹരാരിയും യാനിസ് വരൂഫാകിസും സമകാലീന ലോകക്രമത്തെക്കുറിച്ച് ആഴത്തിലുള്ള ചില മുന്നറിയിപ്പുകൾ ഉയർത്തുന്ന രണ്ടു പ്രധാന ബൗദ്ധിക ശബ്ദങ്ങളാണ്. ഒരാൾ ചരിത്രകാരനും മനുഷ്യനാഗരികതയുടെ ദീർഘകാല പരിണാമത്തെ വായിക്കുന്ന ചിന്തകനുമാണ്; മറ്റെയാൾ രാഷ്ട്രീയസാമ്പത്തിക വിശകലനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ മൂലധനത്തിന്റെ പുതിയ ഘടനകളെ വായിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞൻ. വ്യത്യസ്ത മേഖലകളിൽ നിന്നാണെങ്കിലും ഇവർ രണ്ടുപേരും ലോകം ഒരു സാധാരണ സാങ്കേതിക മാറ്റത്തിലൂടെയല്ല, മറിച്ച് ഒരു നാഗരിക പരിവർത്തനത്തിലൂടെയാണു കടന്നുപോകുന്നതെന്നു സ്ഥാപിക്കുന്നു.

ഇരുവരുടെയും ചിന്തകൾ തമ്മിൽ പ്രധാനപ്പെട്ട സംഗമബിന്ദുക്കൾ ഉണ്ട്. ഒന്നാമത്: നിർമിതബുദ്ധി (എഐ), ഡാറ്റ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വെറും പുതിയ സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല; മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ഘടനകളെ തന്നെ മാറ്റുന്ന ശക്തികളാണെന്ന് ഇരുവരും കരുതുന്നു. രാഷ്ട്രീയം, സാമ്പത്തികം, മനുഷ്യസ്വത്വം, സാമൂഹിക ഏകോപനം എന്നിവയെല്ലാം പുനർക്രമീകരിക്കപ്പെടുകയാണ്. രണ്ടാമത്: വിവരവും അൽഗോരിതാത്മക സംവിധാനങ്ങളും പുതിയ അധികാരരൂപങ്ങളായി മാറുകയാണെന്ന് ഇരുവരും ചൂണ്ടിക്കാണിക്കുന്നു. ഹരാരി “ഡാറ്റായിസം” എന്നും മനുഷ്യരെക്കാൾ മനുഷ്യരെ നന്നായി അറിയാൻ കഴിയുന്ന സംവിധാനങ്ങൾ എന്നും പറയുമ്പോൾ, വരൂഫാകിസ് “ക്ലൗഡ് മൂലധനം”, “ടെക് ലോർഡിസം” എന്നീ ആശയങ്ങളിലൂടെ അതേ യാഥാർത്ഥ്യത്തെ രാഷ്ട്രീയസാമ്പത്തിക ഭാഷയിൽ വിശദീകരിക്കുന്നു (അദ്ദേഹത്തിന്റെ 'ടെക്നോഫ്യൂഡലിസം' എന്ന 2023-ൽ ഇറങ്ങിയ പുസ്തകം വി.ഡി സതീശൻ വായിച്ചുകൊണ്ടിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പുകാലത്തും പിന്നീടും ഏറെ പ്രചരിച്ചതാണല്ലോ). വ്യത്യസ്ത പദാവലികൾ ഉപയോഗിച്ചാലും ഇരുവരും ചൂണ്ടിക്കാണിക്കുന്നത് വിവരാധികാരത്തിന്റെ കേന്ദ്രീകരണമാണ്.

മൂന്നാമത്: ലിബറൽ ജനാധിപത്യത്തിന്റെ അടിസ്ഥാന ധാരണകൾ തന്നെ തകരാൻ സാധ്യതയുണ്ടെന്ന് ഇരുവരും മുന്നറിയിപ്പു നൽകുന്നു. ഹരാരി മനുഷ്യന്റെ കർതൃത്വം (agency), സ്വതന്ത്രേച്ഛ (free will) എന്നിവ അൽഗോരിത ഭരണം മൂലം ശൂന്യമാകാമെന്ന് ഭയപ്പെടുന്നു. വരൂഫാകിസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പരമാധികാരം ജനാധിപത്യ സ്ഥാപനങ്ങളെയും രാഷ്ട്രങ്ങളെത്തന്നെയും പോലും കീഴ്പ്പെടുത്താമെന്നു മുന്നറിയിപ്പ് നൽകുന്നു.

നാലാമത്: ഇരുപതാം നൂറ്റാണ്ടിലെ ആശയരൂപങ്ങൾ ഇന്നത്തെ ലോകത്തെ വിശദീകരിക്കാൻ അപര്യാപ്തമാണെന്ന് ഇരുവരും തിരിച്ചറിയുന്നു. ലിബറലിസം, സോഷ്യലിസം, ദേശീയത, പഴയ വിപണി സിദ്ധാന്തങ്ങൾ എന്നിവയ്ക്ക് എഐയും പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യങ്ങളും നിയന്ത്രിക്കുന്ന ലോകത്തെ പൂർണ്ണമായി ഗ്രഹിക്കാനാവുന്നില്ല.

അഞ്ചാമത്: ഉയർന്നുവരുന്ന ലോകക്രമത്തെ ഇരുവരും “ഗ്രഹതല” (planetary) യാഥാർത്ഥ്യമായി കാണുന്നു. ഡിജിറ്റൽ നെറ്റ്‌വർക്കുകളും എഐ അടിസ്ഥാനസൗകര്യങ്ങളും ഡാറ്റാ പ്രവാഹങ്ങളും ദേശീയ അതിരുകൾ കടന്നാണു പ്രവർത്തിക്കുന്നത്.

എന്നാൽ രണ്ടുപേരുടെയും ഈ സംഗമങ്ങൾക്ക് അടിയിലായി ആഴത്തിലുള്ള വ്യത്യാസങ്ങളും ഉണ്ട്. ഹരാരിയുടെ സമീപനം അടിസ്ഥാനപരമായി നരവംശശാസ്ത്രപരവും നാഗരികതാപരവുമാണ്. അദ്ദേഹത്തിന്റെ പ്രധാന ചോദ്യം: "ബുദ്ധി (intelligence) ബോധത്തിൽനിന്നു(consciousness) വേർപെട്ടുനിൽക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കും”? വരൂഫാകിസിന്റെ ചോദ്യം മറ്റൊന്നാണ്: "വിപണികൾ പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യങ്ങളുടെ കീഴിലാകുമ്പോൾ മുതലാളിത്തത്തിനു എന്തു സംഭവിക്കും?”

ഹരാരി മനുഷ്യന്റെ സ്വത്വം, വിവരസംസ്കാരം, ബയോ-എഞ്ചിനീയറിംഗ്, എഐ, മനുഷ്യവർഗത്തിന്റെ ഭാവി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വരൂഫാകിസ് ഉടമസ്ഥത, വാടക-പിരിവ് (rent extraction), പ്ലാറ്റ്ഫോം ഏകാധിപത്യം, തൊഴിൽ, വർഗ്ഗാധികാരം, രാഷ്ട്രീയസമ്പദ്ഘടന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാൽ ഹരാരിയുടെ ആശങ്കകൾ കൂടുതലായി അറിവവസ്ഥാപരവും (epistemic) അസ്തിത്വപരവുമാണ്. വരൂഫാകിസിന്റെ ആശങ്കകൾ ഘടനാപരവും സാമ്പത്തികവുമാണ്.

മുതലാളിത്തത്തെക്കുറിച്ചുള്ള അവരുടെ നിലപാടിലും വ്യത്യാസമുണ്ട്. ഹരാരി ക്യാപിറ്റലിസം അവസാനിക്കുന്നു എന്ന് പറയുന്നില്ല. ഡിജിറ്റൽ ക്യാപിറ്റലിസം വിവരനിയന്ത്രണത്തിന്റെയും ഭരണപരമായ ഏകോപനത്തിന്റെയും ഒരു പുതിയ ഘട്ടമെന്ന നിലയിലാണ് അദ്ദേഹം കൂടുതലായി കാണുന്നത്. വരൂഫാകിസ് അതിനെക്കാൾ കടുത്ത വാദമാണു മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പുതിയ പ്ലാറ്റ്ഫോമുകൾ ഇനി വിപണിക്കുള്ളിൽ മത്സരിക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല; വിപണി നടക്കുന്നതായ “സ്ഥലം” തന്നെ അവയുടെ നിയന്ത്രണത്തിലാകുന്നു. അതുകൊണ്ടാണ് അദ്ദേഹം “ടെക്നോഫ്യൂഡലിസം” എന്ന പദം ഉപയോഗിക്കുന്നത്.

അദ്ദേഹത്തിന്റെ വാദം, ക്യാപിറ്റലിസം എപ്പോഴും വാടക-പിരിവു ഘടകങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിലും ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അർധ പരാമാധികാര പ്രദേശങ്ങൾ പോലെ പ്രവർത്തിക്കുന്നുവെന്നാണ്. ആമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിൽപ്പനക്കാർ ഒരു “സ്വതന്ത്ര വിപണിയിൽ” പ്രവർത്തിക്കുന്നില്ല; അവർ ആമസോൺ നിയന്ത്രിക്കുന്ന ഡിജിറ്റൽ രാജ്യത്തിനുള്ളിലാണ് പ്രവർത്തിക്കുന്നു. ആപ്പ് ഉണ്ടാക്കുന്നവർ ആപ്പിളിന്റെ ഗേറ്റ്കീപ്പിംഗിനെ ആശ്രയിക്കുന്നു. ഉള്ളടക്കനിർമാതാക്കൾ റക്കമെൻഡേഷൻ അൽഗൊരിതങ്ങളെ ആശ്രയിക്കുന്നു. ഉപയോക്താക്കൾ പെരുമാറ്റപരമായ ആസ്തികൾ ആയി മാറുന്നു. ഇതിലാണ് “ടെക്നോഫ്യൂഡലിസം” എന്ന അദ്ദേഹത്തിന്റെ ഉപമയുടെ ശക്തി.

എന്നാൽ ഇതിനെതിരെയുള്ള പ്രധാന വിമർശനവും ഇവിടെനിന്നാണ് ഉയരുന്നത്. കാരണം വാടകപിരിവ് എന്നത് ഫ്യൂഡലിസത്തിന്റേതു മാത്രമല്ല. പരമ്പരാഗത ക്യാപിറ്റലിസത്തിനകത്തും rentier സ്വഭാവങ്ങൾ എന്നും ഉണ്ടായിരുന്നു: ആഡം സ്മിത്ത്, ഡേവിഡ് റിക്കാർഡോ, കാൾ മാർക്സ് എന്നിവരെല്ലാം ലാഭം, കൂലി, വാടക എന്നിവ വേർതിരിച്ചു കണ്ടതാണ്. അതുകൊണ്ട് നിരവധി സാമ്പത്തികശാസ്ത്രജ്ഞർ പറയുന്നത്, “ക്യാപിറ്റലിസം മരിച്ചിട്ടില്ല; അത് കൂടുതൽ കുത്തകപരവും ധനകാര്യവത്കൃതവും പ്ലാറ്റ്ഫോംനിർണ്ണീതവുമായ ഒരു രൂപത്തിലേക്കു മാറുന്നതേയുള്ളൂ” എന്നാണ്.

ആ തർക്കം എന്തുമാകട്ടെ, ഇവിടെ ഹരാരിയും വരൂഫാകിസും ഒരു പ്രധാന ഇരുട്ടുനിലം പങ്കിടുന്നതു കാണാൻ കഴിയും. ഇരുവരും കേന്ദ്രീകരണം, രഹസ്യനിരീക്ഷണം, അടച്ചുകെട്ട് (enclosure), അൽഗൊരിതീയ നിയന്ത്രണം എന്നിവയുടെ ഗ്രൗണ്ട് റിയാലിറ്റി വളരെ വ്യക്തമായി കാണുന്നു. എന്നാൽ cooperative intelligence, relational ethics, planetary commons, dialogical knowledge, trans-civilizational synthesis തുടങ്ങിയ ഉദയമാന (emerging) സാധ്യതകളെ അത്ര ശക്തമായി കാണുന്നില്ല. ഇരുട്ട് അവരെ ഭയചകിതരാക്കുന്നു. അവർ ദുരന്തം പ്രവചിക്കുന്നു.

ഈ അർത്ഥത്തിൽ ഇവരെ നമ്മുടെ ഈ അന്തരാള (change-over) കാലത്തിന്റെ യോനാ പ്രവാചകർ ആയി കാണാം. യഹൂദ ബൈബിളിലെ (ക്രൈസ്തവർക്കു 'പഴയനിയമം') യോനാ പ്രവാചകൻ പ്രധാനമായും മുന്നറിയിപ്പിന്റെ ശബ്ദമായാണ് ഓർക്കപ്പെടുന്നത്: വരുന്ന ദുരന്തത്തെ പ്രഖ്യാപിക്കുന്നവൻ, സാമ്രാജ്യത്തിന്റെ അഹങ്കാരത്തെ വെളിപ്പെടുത്തുന്നവൻ, നൈതിക അന്ധതയെ ചൂണ്ടിക്കാണിക്കുന്നവൻ. ഹരാരിയും വരൂഫാകിസും സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. അവർ ഭയാനകമായ അൽഗൊരിതീയ അധികാരശക്തി, ഡിജിറ്റൽ ഒളിഗാർക്കി, ടെക്നോഫ്യൂഡൽ ആശ്രിതത്വം, ജനായത്ത വിച്ഛേദം എന്നിവയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുകൾ നൽകുന്നു

എന്നാൽ യോനായ്ക്ക് തന്നെ ഒരു ഇരുട്ടുനിലം ഉണ്ടായിരുന്നു. അവൻ വിധിയുടെ നിശ്ചിതത്വത്തെ സുലഭമായി സങ്കൽപ്പിച്ചെങ്കിലും പരിവർത്തനത്തിന്റെ സാധ്യത ഏറെയൊന്നും കണ്ടില്ല. നിനവേ നഗരത്തിനു മാറാൻ കഴിയും എന്ന സാധ്യത അവനെ അസ്വസ്ഥനാക്കി.

അതുപോലെ ഹരാരിയുടെയും വരൂഫാകിസിന്റെയും ചിന്തകളിലും ഒരു ഇണങ്ങായ്കയുണ്ട്: സാങ്കേതിക അധികാരത്തിന്റെ ഏകീകരണം അവർ വളരെ വ്യക്തമായി കാണുന്നു; എന്നാൽ മനുഷ്യരുടെ സഹകരണപരവും സൃഷ്ടിപരവുമായ പുനഃസംഘടനയുടെ സാധ്യത അത്ര ആഴത്തിൽ കാണുന്നില്ല - നിനവേക്കാരുടെ മനംമാറ്റത്തിനു സമാന്തരമായി പ്ളാറ്റ്ഫോം സാങ്കേതികതയുടെയും എഐയുടെയുമൊക്കെ ലോകത്തു സംഭവിക്കുന്ന 'വിമോചന' സാധ്യതകളുണ്ട്. അവ കണക്കിലെടുക്കാൻ, റിപ്പോർട്ട് ചെയ്യാൻ, തയ്യാറാവാത്ത മാധ്യമ സ്ഥാപനങ്ങളെപ്പോലെയാണു ഫലത്തിൽ അവരുടെ നില്പ്.

ചരിത്രം പലപ്പോഴും ദുരന്തഭാവനകൾ അനുവദിക്കുന്നതിലുപരി ബന്ധാത്മകവും പരിവർത്തനാത്മകവുമാണ്. അച്ചടി മൂലധനവൽക്കരണത്തെ സഹായിച്ചെങ്കിലും ജനാധിപത്യ സാക്ഷരതക്കും വഴിവച്ചു. വ്യവസായ നെറ്റ്‌വർക്കുകൾ ചൂഷണത്തിനൊപ്പം തൊഴിലാളി ഐക്യവും സൃഷ്ടിച്ചു. ഇന്റർനെറ്റ്, നിരീക്ഷണത്തോടൊപ്പം ആഗോള സഹകരണത്തിനും വാതിൽ തുറന്നു.

ഭാവിയിലെ എഐ അധിഷ്ഠിത പൊളിറ്റിക്കൽ ഇക്കോണമി അതുപോലെ ആകാം. കംപ്യൂട്ടേഷണൽ കേന്ദ്രീകരണം മാത്രമല്ല, distributed knowledge, interdisciplinary synthesis, cooperative intelligence എന്നിവയും അതിലൂടെ വരാവുന്നതാണ്.

ഹരാരിയുടെയും വരൂഫാകിസിന്റെയും മുന്നറിയിപ്പുകൾ വളരെ പ്രധാനപ്പെട്ടവതന്നെ. എന്നാൽ അവയെ അന്തിമ പ്രവചനങ്ങളായി വായിക്കേണ്ടതില്ല. വസ്തുതകളിൽനിന്നാണ്, യഥാർത്ഥ പ്രശ്നപരിസരങ്ങളിൽ നിന്നുതന്നെയാണ് അവർ തുടങ്ങുന്നത്. എന്നാൽ പ്രത്യാശാജനകമായ ഒരു ചരിത്രവീക്ഷണം കൂടാതെ, പുതിയ ഒരു ഉമ്മറപ്പടി(threshold) പോലെയുള്ള ഈ അന്തരാളഘട്ടത്തിലിരുന്ന് അവർ ഇരുട്ടിലേക്കു നോക്കി ദുരന്തം പ്രവചിക്കുന്നതുപോലെ അനുഭവപ്പെടുന്നു.

ഭാവിയിലെ ലോകക്രമം technofeudal domination-നും algorithmic dictatorship-നും മാത്രം വഴിമാറുമോ, അതോ relational intelligence, planetary commons, compassionate cooperation എന്നിവയെ അടിസ്ഥാനമാക്കിയ പുതിയ നാഗരികത ഉയർന്നുവരുമോ എന്ന ചോദ്യമാണ് ഇന്നത്തെ ഏറ്റവും വലിയ ചോദ്യമായി മാറുന്നത്.അവിടെ ഹരാരിയും വരൂഫാകിസും നമ്മുടെ കാലത്തിന്റെ “യോനാ പ്രവാചകർ” ആകാം — യഥാർത്ഥ പ്രതിസന്ധിയെ തിരിച്ചറിഞ്ഞവർ. എന്നാൽ അതിനപ്പുറം ഉദിക്കാവുന്ന പരിവർത്തന സാധ്യതകളെ പൂർണ്ണമായി കാണാൻ ഇനിയും ബുദ്ധിമുട്ടുന്ന പ്രവാചകർ.

•⁠ ⁠- ജോസ്ടി