വിവരം.ഓർഗ് | Vivaram.org

കൊമ്പൻ വാർത്താജേണലിസം അതിന്റെ വഴിക്കു പോകട്ടെ

അരിക്കൊമ്പൻ എന്നു പേരുവീണ ആനയെച്ചൊല്ലി മലയാളത്തിൽ ഭ്രമജനക ജേണലിസം തകർക്കുമ്പോൾ ആ ജീർണലിസത്തെക്കുറിച്ച് ഒന്ന് എഴുതാൻ ഒരു പുതുമാധ്യമ എഡിറ്റർ എന്നോട് ആവശ്യപ്പെട്ടു. പത്രപ്രവർത്തകനായിരിക്കുമ്പോഴും അതിനുശേഷവും അത്തരം റിപ്പോർട്ടിംഗിനെയും എഡിറ്റിംഗിനെയും കുറിച്ച് ചീത്ത എഴുതി മടുത്തിരുന്ന ഞാൻ നിസ്സഹായത അറിയിച്ചു.

എന്നാൽ, കുന്നോളം പച്ചരി കൂട്ടിവച്ച് പട്ടിണി കിടക്കുന്ന മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ, അക്കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാൻ പിന്നെയും ഒരു മാധ്യമവിമർശ കഷണം എഴുതേണ്ടിവന്നു.

മാസങ്ങളായി റേഷൻ അരി പച്ചരി മാത്രമായതുകൊണ്ടു വലഞ്ഞ ആദിവാസികളുടെ കാര്യം റിപ്പോർട്ട് ചെയ്തത് കാസർകോട് നിന്ന് പ്രകാശ് ചെന്തളം ആണ് - ആദ്യം ഫേസ്ബുക്കിലും തുടർന്നു 'കേരളീയ'ത്തിലും.

Wtplive-ൽ ഞാൻ ഇങ്ങനെ എഴുതി:

ആന അരി തിന്നാൽ വാർത്ത; മനുഷ്യർ അരി കിട്ടാതെ പട്ടിണികിടന്നാൽ അവാർത്ത. അവാർത്ത വാർത്തയാകണമെങ്കിൽ പട്ടിണിക്കാർ ചാകണം.

സർവകലാശാലാ ജേണലിസം ഡിപ്പാർട്ട്മെന്റുകളും പ്രസ് ക്ലബ് ജേണലിസം സ്കൂളുകളും പഠിപ്പിച്ചിരുന്ന ജേണലിസം അങ്ങനെയായിരുന്നു. ആ ഡിപ്പാർട്ട്മെന്റുകളിലും സ്കൂളുകളിലും പോകാൻ കഴിയാഞ്ഞ പഴയ ജേണലിസ്റ്റുമാരെ, എഴുപതുകളിൽ തോംസൺ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത ഗുരുക്കന്മാർ എൺപതുകളിൽ പത്രപ്രവർത്തക യൂണിയന്റെ പ്ളാറ്റ്ഫോമിൽ അതേ ജേണലിസം പഠിപ്പിച്ചു. ആ ജേണലിസം പെറ്റുപെരുകി.

അങ്ങനെയാണ് ഇന്ന് ഗൂഗിളിൽ 'അരിക്കൊമ്പൻ' എന്നൊന്ന് അടിച്ചാൽ കണ്ടകടിച്ചാണി പത്രം-ചാനൽ സൈറ്റുകളിൽനിന്നായി ഒറ്റയടിക്ക് നൂറിലേറെ പേജുകളും വീഡിയോകളും വരുമ്പോൾ, 'റേഷൻ പച്ചരി' എന്നോ 'പച്ചരി പട്ടിണി ' എന്നോ അടിച്ചാൽ കഷ്ടിച്ച് കൈവിരലിലെണ്ണാവുന്ന റിപ്പോർട്ട് മാത്രം വരുന്നത്. രണ്ടാമത്തേതിൽ ഒന്നോ രണ്ടോ ഒഴിച്ചാൽ ബാക്കിയെല്ലാം മുൻവർഷങ്ങളിലെ റിപ്പോർട്ടുകൾ.

മലയാള വാർത്താമാധ്യമങ്ങളെ ആരെന്തു കുറ്റം പറഞ്ഞാലും, ഏതു സുപ്രധാന വിഷയത്തിലും മണിക്കൂറുകൾക്കകം കേരളത്തിന്റെ 38863 ചതുരശ്രകിലോമീറ്ററിൽനിന്നും വിവരം ശേഖരിക്കാനുള്ള വിപുലമായ നെറ്റ്‌വർക്ക് അവയിൽ ഏറ്റവും വിറ്റുവരവ് ഉള്ള മൂന്നു നാലു സ്ഥാപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഏതു സർവകലാശാലയെയും പിന്നിലാക്കുംവിധമുള്ള അടിസ്ഥാന വിവരശേഖരം അതിൽ ഒന്നുരണ്ട് എണ്ണത്തിനുണ്ട്. വിവരത്തിന്റെ ഈ സ്ഥാവരജംഗമങ്ങൾ എന്തിന് ഉപയോഗിക്കുന്നു എന്നിടത്താണ് മാധ്യമസ്വാതന്ത്രത്തിന്റെ പ്രശ്നം. അരിക്കൊമ്പനാനക്കഥകൾക്കുവേണ്ടിയോ, അതോ മാസങ്ങളായി റേഷൻ കുത്തരി കിട്ടാതെ പട്ടിണിയാവുന്ന ഗോത്രജനങ്ങൾക്കു വേണ്ടിയോ?

ഇതൊന്നും കൂടുതൽ പറഞ്ഞിട്ടു കാര്യമില്ല. കമ്പനിയെക്കാൾ കമ്പനിഭക്തി കാണിക്കുന്ന ഒരു ന്യൂനപക്ഷം ഒഴിച്ചാൽ, മിഡിൽ-ബോട്ടം ലെവൽ മാധ്യമപ്രവർത്തകരിൽ നല്ലൊരു പങ്കും നിസ്സഹായത പ്രകടിപ്പിക്കാറുള്ളതാണ്. അവരുടെ ഉപജീവന കാര്യം തൽക്കാലം അവർക്കു വിടാം. ഇഷ്യൂസ് നോൺഇഷ്യൂസും നോൺഇഷ്യൂസ് ഇഷ്യൂസും ആക്കുന്ന ജേണലിസത്തെക്കുറിച്ച് എഴുപതുകൾ മുതൽ ആരൊക്കെയോ എത്രയൊക്കെയോ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതാണ് ഈ മലയാളത്തിൽപ്പോലും. തിരിയേണ്ടവർക്കൊക്കെ തിരിഞ്ഞു. തിരിയാത്തവർക്കുവേണ്ടി ഊർജം പാഴാക്കുന്നതിൽ അർത്ഥമില്ല.

സമീപനം മാറാതെ പരസ്യ സപ്ളിമെന്റുകൾ കൊണ്ടും അഡ്വർട്ടോറിയലുകൾകൊണ്ടും ഈ വാർത്താമാധ്യമങ്ങൾ കുറേവർഷം കൂടി ഇതേപടി തുടരും. അവർക്കു ചെറുപ്പക്കാരെ ജോലിക്കു കൂട്ടിക്കൊടുക്കാൻ ഈ ജേണലിസം സ്കൂളുകളും തുടരും. അതുകഴിഞ്ഞും നമുക്കു വാർത്താമാധ്യമങ്ങൾ വേണ്ടേ?

അതുകൊണ്ട്, വിമർശം നിർത്തി നമുക്കു വേറെ നല്ലതെന്തെങ്കിലും ചെയ്യാം.

സമയമെടുത്തായാലും പ്രശ്നങ്ങൾ ആഴത്തിലും സമഗ്രതയിലും പഠിക്കുന്ന ചെറുപ്പക്കാർ ഉണ്ടാവുക, അവരുടെ പഠനറിപ്പോർട്ടുകൾ പ്രകാശിപ്പിക്കുന്ന നവമാധ്യമങ്ങൾ സാവകാശം വളർന്നുവരിക - മാറ്റത്തിന്റെ ഒരു വഴി അതാണ്. നിലവിലെ മാധ്യമങ്ങളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി എഡിഷനുകളിൽനിന്നുള്ള നല്ല റിപ്പോർട്ടുകളുടെ അഖിലകേരള ക്യുറേഷൻ/സങ്കലനം, കോളജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ നല്ല ഡെസർട്ടേഷനുകളുടെ പുനരവതരണം, സെമിനാറുകളിലെയും മറ്റും മികച്ച വിഷയാവതരണങ്ങളുടെ സംഗൃഹീത പുനരാഖ്യാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. സാമൂഹിക പ്രാധാന്യമുള്ള ഏതു വിഷയവും സാഹിത്യവും കലയുംകൊണ്ട് കൈകാര്യം ചെയ്തുതീർക്കാം എന്ന മലയാളി മൂഢവിചാരം കൈവിടാം.

ഭീതിയും വിദ്വേഷവും നിരാശയും പരത്തുന്നതിൽക്കവിഞ്ഞ് സൃഷ്ടിപരമായി ഒന്നും ചെയ്യാത്ത ഉള്ളടക്കം വേണ്ടെന്നു വയ്ക്കാം. ബെസ്റ്റി തോമസ് പറഞ്ഞതുപോലെ, പ്രകാശപൂർണമായ ഉള്ളടക്കം കൊണ്ടുവരാം. ഇരുട്ട് സംഭ്രമജനകം (സെൻസേഷണൽ) ആയി അവതരിപ്പിക്കുന്ന സ്ഥാനത്ത് പ്രകാശം ത്രില്ലിംഗ് ആയി വിന്യസിക്കാം.

ആദ്യമൊന്നും കൈയടി നോക്കിയിരിക്കരുത്. അത്രയേയുള്ളൂ. കൈയടി കാത്തിരിക്കുന്നവർ മാറ്റം കൊണ്ടുവരുംമുമ്പ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കും എന്നേ പറയാനുള്ളു.