വിവരം.ഓർഗ് | Vivaram.org

വിജ്ഞാനസാഹിത്യം - ആരോഗ്യം

രോഗങ്ങളിലൂടെ പൂർണാരോഗ്യത്തിലേക്ക്

രചന: എൻ. വെങ്കിടകൃഷ്ണൻ പോറ്റി പ്രസാധനം:നേച്ചർ ലൈഫ് ബുക്സ്, മാലിപ്പുറം. മൂന്നാം പതിപ്പ് (2022), പേജ് 123, വില: 150

വിവരം.ഓർഗ് | Vivaram.org

നല്ല ഭക്ഷണശീലങ്ങൾ

രചന: എൻ. വെങ്കിടകൃഷ്ണൻ പോറ്റി പ്രസാധനം: നേച്ചർ ലൈഫ് ബുക്സ് പേജ് 160, വില: 200 (രണ്ടിന്റെയും കോപ്പികൾക്ക്: 94468 20663)

പ്രകൃതിജീവനകലയുടെ ലളിതമായ സൈദ്ധാന്തിക ആവിഷ്കാരമായി ആദ്യഗ്രന്ഥവും പ്രായോഗിക മാർഗദർശിയായി രണ്ടാമത്തെ ഗ്രന്ഥവും ജനോപകാരപ്രദമായി നിൽക്കുന്നു. ആരോഗ്യം എന്നു കേട്ടാലുടൻ രോഗങ്ങളെയും അലോപ്പതി ചികിത്സയെയും കുറിച്ച് ചിന്തിക്കുന്ന മനുഷ്യരാണു കൂടുതൽ. അവർ നിൽക്കുന്ന രോഗചിന്തയുടെ തലത്തിലൂടെത്തന്നെ നീങ്ങി, നിലവിലുള്ള ചികിത്സാക്രമങ്ങളുടെ ദർശനങ്ങൾ പരിശോധിച്ച്, പൂർണാരോഗ്യം എന്ന പലർക്കും അവിശ്വസനീയമായ ലക്ഷ്യത്തിലേക്കു വഴിനടത്തുകയാണു വെങ്കിടകൃഷ്ണൻ.

ഏതെങ്കിലും ചികിത്സാ ശാസ്ത്രത്തിന്റെ കുറവുകൾ ചർച്ച ചെയ്യാനോ ആരെയെങ്കിലും എതിർക്കാനോ വേണ്ടിയുള്ളതല്ല അദ്ദേഹത്തിൻറെ പുസ്തകങ്ങൾ. രോഗങ്ങളുടെ യഥാർത്ഥ സ്വരൂപം എന്താണെന്നും ആരോഗ്യകരമായ പരിചരണത്തിലൂടെ രോഗങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നുമാണ് ആരോടും വിദ്വേഷമില്ലാതെ അദ്ദേഹം പരിശോധിക്കുന്നത്. ആരോഗ്യകരമായ പരിചരണം വിശദീകരിക്കുമ്പോൾ നമ്മൾ ഇന്ന് പിന്തുടരുന്ന മുഖ്യധാരാരീതികൾ പരാമർശിക്കേണ്ടിവരുന്നു എന്നേയുള്ളൂ. അതിനാൽ വ്യത്യസ്ത ചികിൽസാശാസ്ത്രങ്ങളെ ഒരുമിച്ചുവച്ച് സഹിഷ്ണുതയോടെ നോക്കുവാനും അതുവഴി പ്രകൃതിജീവനത്തിന്റേതായ ആരോഗ്യശാസ്ത്രത്തിന്റെ സാധുത ശാസ്ത്രീയതയോടെ കണ്ടെത്തുവാനും 'രോഗങ്ങളിലൂടെ പൂർണാരോഗ്യത്തിലേക്ക്' എന്ന ഗ്രന്ഥം ഏറെ ഉപകാരപ്പെടുന്നു. ആക്രമണോത്സുകമായല്ലാതെ വിവിധ ചികിത്സ-ആരോഗ്യ ക്രമങ്ങളുടെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ ഇതുവഴി സാധിക്കുന്നു. നമ്മുടെ രോഗ-ആരോഗ്യ ചിന്തകളെ ഭക്ഷണം എന്ന കേന്ദ്ര പ്രമേയത്തിലേക്ക് കൊണ്ടുവന്ന്, നിലവിലുള്ള തലതിരിഞ്ഞ കലോറി തിയറിയെ മറിച്ചിടുന്നതാണ് 'ഊർജ്ജം എവിടെനിന്ന് എന്ന അവസാന(എട്ടാം) അദ്ധ്യായം.

ഇതിന്റെ ലളിതമായ പ്രയോഗക്രമം ആണ് "നല്ല ഭക്ഷണശീലങ്ങൾ" എന്ന രണ്ടാം പുസ്തകം. ഭക്ഷണം എന്ത്, എപ്പോൾ, എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് വ്യക്തവും ലളിതവുമായ മറുപടി നൽകി ലളിതവും ആരോഗ്യകരവുമായ ഭക്ഷണശീലത്തിന് ഒരു വഴികാട്ടി ആവുന്നതാണ് ഈ രണ്ടാം പുസ്തകം.

തമിഴ്നാട് പുതുക്കോട്ടയിൽ 50 വർഷത്തിലധികം പ്രകൃതിജീവന പ്രവർത്തനം നടത്തി 'പ്രാക്ടിക്കൽ നേച്ചർ ക്യൂർ' എന്ന ആധികാരിക ഗ്രന്ഥം രചിച്ച ആചാര്യ ലക്ഷ്മണ ശർമയുടെ ശിഷ്യൻ ശേഷാദ്രി സ്വാമിനാഥന്റെ ശിഷ്യനായ സി ആർ ആർ വർമ്മ യുടെ ശിഷ്യനാണ് ഗ്രന്ഥകാരൻ. രാഘവൻ തിരുമുല്പാട്, ഡോ.പി. ചന്ദ്രമോഹൻ, ഡോ.പി.ജി. രാമകൃഷ്ണ പിള്ള എന്നിങ്ങനെ ആയുർവേദം, അലോപ്പതി തുടങ്ങിയ മറ്റു ചികിത്സാക്രമങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് അവതാരികയും ആശംസയും എഴുതിയിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്.