വിവരം.ഓർഗ് | Vivaram.org

ടെക്നോഫ്യൂഡലിസം, ടെക് ലോർഡിസം: ഒരു വിമർശാത്മക വിലയിരുത്തൽ

പഴയ കെ.കെ റോഡ് കോട്ടയത്ത് സെൻട്രൽ ജങ്ഷനോട് അടുക്കുമ്പോഴത്തെ 'ബ്രോഡ്' അല്ലാത്ത ബ്രോഡ് വേയിൽ, തുണി വാങ്ങാൻ ശീമാട്ടിയും പുളിമൂട്ടിലും നർമദയും; സ്വർണം വാങ്ങാൻ ജോസ്കോ; ഇരുമ്പുരുക്കു വാങ്ങാൻ ഷേണായീസ്; ചെരിപ്പ് വാങ്ങാൻ മെട്രോ .... വ്യത്യസ്ത വാണിജ്യകുടുംബങ്ങൾ സ്വന്തമായി കടയിട്ട് ഉത്പന്നങ്ങൾ വിറ്റു ലാഭമുണ്ടാക്കുന്ന ഒരു കച്ചവടപ്രദേശം അല്ലെങ്കിൽ നാഗരികചന്ത.

ഇതാണ് മുതലാളിത്ത സ്വതന്ത്ര വിപണി സങ്കൽപ്പം. ഇതുവരെ അതായിരുന്നു യാഥാർത്ഥ്യം. എന്നാൽ ഇങ്ങനെ ഒന്ന് സങ്കല്പിക്കൂ : ഒരു അച്ചായൻ കെ.കെ. റോഡും പരിസരവും വളച്ചുകെട്ടി ഒരു എസ്റ്റേറ്റ് ആക്കി അവിടെ കെട്ടിടങ്ങൾ പണിതു കുറെ പാട്ടക്കാർക്കു സ്വർണമോ വെള്ളിയോ ഇരുമ്പോ വാച്ചോ കുടയോ പുസ്തകമോ ചീപ്പുസോപ്പു ലൊട്ടുലൊടുക്കോ വില്പനയ്ക്കു വയ്ക്കാൻ അവകാശം കൊടുത്ത് പാട്ടം വാങ്ങാൻ തുടങ്ങിയാൽ എങ്ങനെ ഇരിക്കും? അതു മുതലാളിത്തമോ അതോ ജന്മിത്തമോ?

ക്വാണ്ടം സിദ്ധാന്തത്തിലെ 'ഷ്രോഡിംഗറുടെ പൂച്ച'യെപ്പോലെ അങ്ങനെ ഒരു ചിന്താപരീക്ഷണം (thought experiment) അല്ലെങ്കിൽ ക്ലേശപരീക്ഷ (stress test) നമ്മുടെ ഗൂഗിൾ-ആമസോൺ-സോഷ്യൽ മീഡിയ-എഐ കാലത്തേക്കു മുന്നോട്ടു വയ്ക്കുകയാണ് ഗ്രീക്ക് സമ്പദ്ശാസ്ത്രജ്ഞനും യൂറോപ്യൻ ഇടതുരാഷ്ട്രീയക്കാരനുമായ യാനിസ് വരൗഫകിസ് ചെയ്തത്.

ആഗോള മൂലധനശക്തിയെയും ഡിജിറ്റൽ അധികാരത്തെയും വിമർശിക്കുന്ന സമകാലീന ചിന്തകരിൽ ഏറ്റവും ശ്രദ്ധേയരിലൊരാളായ അദ്ദേഹം ബ്രിട്ടൻ, ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. എന്നാൽ ആഗോള തലത്തിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് Greek government-debt crisis കാലഘട്ടമാണ്. 2015-ൽ സിറിസ സർക്കാരിൽ ഗ്രീസിന്റെ ധനമന്ത്രിയായിരിക്കെ യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ് എന്നിവ ഏർപ്പെടുത്തിയ മിതവ്യയ നയങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ആ സംഘർഷങ്ങൾക്കുശേഷം രാജിവെച്ചതോടെ അദ്ദേഹം നവഉദാരവൽക്കരണം, ധനമൂലധനവൽക്കരണം, ഒലിഗാർക്കിക് ഭരണം എന്നിവയെ വിമർശിക്കുന്ന ആഗോള ബൗദ്ധിക ശബ്ദമായി മാറി. Adults in the Room, Technofeudalism: What Killed Capitalism തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളും AI-നിർമ്മിത സംവിധാനങ്ങളും ലോക മൂലധന വ്യവസ്ഥയെ എങ്ങനെ മാറ്റുന്നു എന്ന ചോദ്യത്തിലേക്കാണ് അദ്ദേഹം കൂടുതൽ തിരിഞ്ഞത്.

അദ്ദേഹത്തിന്റെ സമീപകാല ചിന്തയിൽ രണ്ട് ആശയങ്ങൾ നിർണായകമാണ്: ഒന്ന് - ടെക്നോഫ്യൂഡലിസം. രണ്ട് - ടെക് ലോർഡിസം. ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെങ്കിലും വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്നു. ടെക്നോഫ്യൂഡലിസം രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥയിലെ ഘടനാപരമായ മാറ്റത്തെ സൂചിപ്പിക്കുമ്പോൾ, ടെക് ലോർഡിസം ആ മാറ്റത്തെ ന്യായീകരിക്കുന്ന ആശയലോകത്തെയും വിചാരമാതൃകകളെയും (അതായത് ഐഡിയോളജിയെയും) സൂചിപ്പിക്കുന്നു. വ്യവസായ-ധനമൂലധന- കേന്ദ്രിത ക്യാപിറ്റലിസത്തിൽനിന്ന് പ്ലാറ്റ്ഫോം-കേന്ദ്രിത ഡിജിറ്റൽ അധികാരത്തിലേക്കുള്ള മാറ്റത്തെ മനസ്സിലാക്കാനുള്ള ശ്രദ്ധേയമായ ശ്രമങ്ങളിലൊന്നാണ് ഈ ഇരട്ട ആശയങ്ങൾ.

വരൗഫാകിസ് പറയുന്നത്, ക്യാപിറ്റലിസം ഇനി പരമ്പരാഗത വിപണി-കേന്ദ്രിത രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ്. അതിനുപകരം, ഭീമൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (ഗൂഗിൾ, ആമസോൺ, മെറ്റ, ........) ഫ്യൂഡൽ സാമന്തഭൂമികളെപ്പോലെ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥ ഉയർന്നുവരുന്നു. പഴയ ഫ്യൂഡൽ സമൂഹത്തിൽ ഭൂമിയുടമകൾ(പ്രഭുക്കൾ) ആശ്രിത ജനങ്ങളിൽനിന്നു വാടക/പാട്ടം പിരിച്ചെടുക്കുകയായിരുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ പുതിയ “പ്രഭുക്കന്മാർ” ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളും ഡാറ്റാ പരിസ്ഥിതികളും അൽഗോരിത സംവിധാനങ്ങളും ഡിജിറ്റൽ വിപണികളും സ്വന്തമാക്കുന്നു. ഉപയോക്താക്കളും തൊഴിലാളികളും ഉള്ളടക്ക സ്രഷ്ടാക്കളും വ്യാപാരികളും അവരുടെ നിയന്ത്രിത സ്വകാര്യ ലോകങ്ങളിൽ ആശ്രിത കുടിയാന്മാർ ആയി മാറുന്നു.

അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് Amazon, Google, Apple, Meta Platforms, Palantir Technologies തുടങ്ങിയ സ്ഥാപനങ്ങളെയാണ്. ഇവ വിപണിക്കുള്ളിൽ മാത്രം മത്സരിക്കുന്ന സ്ഥാപനങ്ങളല്ല; വിപണിതന്നെ പ്രവർത്തിക്കുന്ന അന്തരീക്ഷം (ഡിജിറ്റൽ എസ്റ്റേറ്റ്) ഇവ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ദൃശ്യത, ശ്രദ്ധ, ആശയവിനിമയം, സൃഷ്ടിപരത, വിവരപ്രവാഹം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇവയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടാണ് ഇവ വ്യവസായ കമ്പനികളെക്കാൾ “ഡിജിറ്റൽ രാജ്യാധിപത്യങ്ങൾ” പോലെ തോന്നുന്നത്.

ഇവിടെ “ക്ലൗഡ് മൂലധനം” എന്ന ആശയം നിർണായകമാണ്. വ്യവസായ മൂലധനം ഫാക്ടറികളിലൂടെയും തൊഴിലാളികളിലൂടെയും വസ്തുക്കൾ ഉൽപ്പാദിപ്പിച്ചപ്പോൾ, ക്ലൗഡ് മൂലധനം മനുഷ്യ പെരുമാറ്റത്തെ നെറ്റ്‌വർക്ക് ചെയ്ത അൽഗോരിതങ്ങളുടെയും ഡാറ്റാ ശേഖരണത്തിന്റെയും സഹായത്തോടെ ക്രമീകരിക്കുന്നു. മനുഷ്യ ഇടപെടലുകൾ തന്നെ ഉൽപ്പാദനശേഷിയായ ആസ്തികളായി മാറുന്നു. തിരച്ചിലുകൾ, ക്ലിക്കുകൾ, GPS ചലനങ്ങൾ, വികാരപ്രതികരണങ്ങൾ, ഇഷ്ടങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ എല്ലാം നിരന്തരം ശേഖരിക്കപ്പെടുകയും പ്രവചനാത്മക സംവിധാനങ്ങളാക്കി മാറ്റപ്പെടുകയും ചെയ്യുന്നു. ഇത് വെറും നിരീക്ഷണമല്ല; പെരുമാറ്റത്തെ രൂപപ്പെടുത്തലാണ്. ഇതോടെയാണ് നവഉദാരവൽക്കരണം (നിയോലിബറലിസം) — ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആഗോളീയമായി ആധിപത്യം പുലർത്തിയ ആശയരൂപം — പ്രസക്തി നഷ്ടപ്പെടുന്നതായി വരൗഫാകിസ് വാദിക്കുന്നത്.

ധനമൂലധനത്തെയും വിപണികളെയും ഭരണകൂട നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ നിയോലിബറലിസം പ്രത്യയശാസ്ത്രപരമായ ന്യായീകരണം നൽകി. എന്നാൽ ഇപ്പോൾ ടെക് ലോർഡിസം എന്നൊരു പുതിയ പ്രത്യയശാസ്ത്രം ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും അൽഗോരിത ഭരണത്തിന്റെയും ആധിപത്യത്തെ ന്യായീകരിക്കുന്നു. ആദ്യത്തേത് വിപണിയെ ദൈവിക യന്ത്രമായി കണ്ട് ആഘോഷിച്ചപ്പോൾ, രണ്ടാമത്തേത് അൽഗോരിതത്തെത്തന്നെ പുതിയ ദൈവമായി മഹത്വപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഭാഷയിൽ നവഉദാരവാദത്തിന്റെ “Homo Economicus” എന്ന സാമ്പത്തിക മനുഷ്യനെ “HumAIn” എന്ന മനുഷ്യ-AI തുടർച്ചകൊണ്ടാണു ടെക് ലോർഡിസം പകരംവയ്ക്കുന്നത്. തീരുമാനങ്ങൾ, ആശയവിനിമയം, വ്യക്തിത്വം എന്നിവ എല്ലാം അൽഗോരിത സംവിധാനങ്ങളാൽ മധ്യസ്ഥമാക്കപ്പെടുന്നു(mediated). വിപണിയുടെ സ്വാഭാവികതയ്ക്കു പകരം പ്ലാറ്റ്ഫോം ശിപാർശ വരുന്നു. സ്വതന്ത്ര തിരഞ്ഞെടുപ്പിനുപകരം പെരുമാറ്റ പ്രവചനം എത്തുന്നു.

സൂക്ഷിച്ചില്ലെങ്കിൽ ഈ ആശയങ്ങൾ കൂടുതൽ ദുരന്തഭാവനാപരമായ ഒരു ഭൂമികയിലേക്ക് നമ്മെ കൊണ്ടുപോയെന്നു വരും. അവിടെ രഹസ്യ നിരീക്ഷണവും സൈനികവൽക്കരണവും അൽഗോരിത ഭരണവും ജനാധിപത്യവിരുദ്ധതയും ഒരു കൂട്ടപ്പൊരിച്ചിലിൽ എത്താം. എത്താം എന്ന് അല്ല, എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് വരൗഫാകിസ് കരുതുന്നത്. പ്രത്യേകിച്ച് Palantir Technologies പോലുള്ള സ്ഥാപനങ്ങളെയും Peter Thiel, Elon Musk പോലുള്ള വ്യക്തികളെയും, സാങ്കേതിക അധികാരവും ഭരണകൂട സുരക്ഷാ സംവിധാനവും ജനാധിപത്യവിരുദ്ധ പ്രവണതകളും തമ്മിലുള്ള ലയനത്തിന്റെ പ്രതീകങ്ങളായി അദ്ദേഹം കാണിക്കുന്നു.

ഈ ആശയങ്ങൾക്കുലഭിച്ച പ്രതികരണം സമ്മിശ്രമായിരുന്നു. പല ഇടതുപക്ഷ ചിന്തകരും പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തെ വിമർശിക്കുന്നവരും അദ്ദേഹത്തിന്റെ ആശയരൂപത്തെ നല്ല വ്യാഖ്യാനമായി കണ്ടു. ടെക്നോഫ്യൂഡലിസം എന്ന പ്രയോഗം ഇന്നത്തെ അനുഭവലോകവുമായി വളരെയേറെ ചേർന്നുനിൽക്കുന്നു. കാരണം നാം ജീവിക്കുന്നത് അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ പരിസ്ഥിതികളിലാണ്. സോഷ്യൽ മീഡിയ ഉള്ളടക്ക സ്രഷ്ടാക്കൾ ദൃശ്യതയ്ക്കായി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു; ചെറിയ വ്യാപാരങ്ങൾ തിരച്ചിൽ ഫലങ്ങളെ ആശ്രയിക്കുന്നു; ഗിഗ് തൊഴിലാളികൾ പ്ലാറ്റ്ഫോം റേറ്റിംഗുകളെ ആശ്രയിക്കുന്നു; സർക്കാരുകൾ പോലും ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുന്നു.

മാധ്യമപഠനത്തിലും രഹസ്യനിരീക്ഷണ പഠനത്തിലും പ്രവർത്തിക്കുന്ന ചില പണ്ഡിതർ വരൗഫാകിസിന്റെ ആശയങ്ങളെ Shoshana Zuboff-ന്റെ surveillance capitalism എന്ന ആശയത്തോടും Michel Foucault-യുടെ ഭരണ-നിയന്ത്രണ വിശകലനങ്ങളോടും Gilles Deleuze-ന്റെ control society ചിന്തയോടും ബന്ധപ്പെടുത്തി വായിച്ചു. അതേസമയം നിരവധി സാമ്പത്തികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും “ടെക്നോഫ്യൂഡലിസം” എന്ന ആശയം അതിരുകടന്ന രൂപകമാണെന്ന് വിമർശിച്ചു. അവരുടെ വാദം, ഈ കമ്പനികൾ ഇപ്പോഴും ക്യാപിറ്റലിസ്റ്റ് ഘടനയ്ക്കുള്ളിലാണ് പ്രവർത്തിക്കുന്നത് എന്നതാണ്: ഇപ്പോഴും ലാഭമാണു ലക്ഷ്യം; വിപണി മത്സരം തുടരുന്നു; നിക്ഷേപകരെ ആശ്രയിക്കുന്നു; വേതനതൊഴിൽ നിലനിൽക്കുന്നു; ധനമൂലധനവുമായി ബന്ധം തുടരുന്നു. അതിനാൽ “ഫ്യൂഡലിസം” എന്നത് കൃത്യമായ ചരിത്രഘടനയല്ല, ശക്തമായ ഉപമ മാത്രമാണെന്ന് അവർ പറയുന്നു.

മുതലാളിത്തത്തിലുമുണ്ടല്ലോ വാടക/പാട്ടം പിരിവ് എന്നു ചിലർ ചോദിച്ചു. ചിലർ അദ്ദേഹത്തിന്റെ ഭാഷാശൈലിയെയും വിമർശിച്ചു. പ്രത്യേകിച്ച് ടെക് ലോർഡിസത്തെക്കുറിച്ചുള്ള ലേഖനത്തിൽ Palantir Technologies-നെ ഏകദേശം തുറന്ന ഫാസിസ്റ്റ് ശക്തിയായി ചിത്രീകരിക്കുന്നത് വിശകലനത്തേക്കാൾ രാഷ്ട്രീയ ഉപമ പോലെ തോന്നുന്നു. അതുവഴി ഘടനാപരമായ പ്രവണതകളും യഥാർത്ഥ ഗൂഢാലോചനാപരമായ ഉദ്ദേശ്യങ്ങളും തമ്മിലുള്ള വ്യത്യാസം മങ്ങിപ്പോകുന്നു എന്നതാണ് വിമർശനം. എങ്കിലും അദ്ദേഹത്തിന്റെ സംഭാവനയെ വെറും അതിശയോക്തിയായി തള്ളിക്കളയാനാവില്ല.

വരൗഫാകിസിന്റെ പ്രധാന സംഭാവന ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ഒരു പുതിയ വ്യവസായമല്ല, സാമൂഹിക ഏകോപനത്തിന്റെ അടിസ്ഥാനരൂപം തന്നെ മാറ്റുന്ന ശക്തിയാണെന്ന് ചൂണ്ടിക്കാണിക്കുന്നതിലാണ്. വിപണി, ആശയവിനിമയം, തൊഴിൽ, രാഷ്ട്രീയ ജീവിതം എന്നിവ സ്വകാര്യ കമ്പ്യൂട്ടേഷണൽ പരിസരങ്ങളിൽ (ഡിജിറ്റൽ എസ്റ്റേറ്റ്) കുടിയേറിക്കൊണ്ടിരിക്കുന്നു. ടെക് ഭീമൻമാർ ഒഴിച്ച് എല്ലാവരും കുടിയാന്മാർ ആകുന്നു. കുടിയാന്മാരെ കൈകാര്യം ചെയ്യാൻ അൽഗോരിതത്തെ കാര്യസ്ഥൻ ആയി നിർത്തിയിരിക്കുന്നു. ഇതാണു പുതിയ ആഗോള പ്രഭുത്വം.

ഇത് ആഴത്തിലുള്ള ഒരു നാഗരിക പരിവർത്തനമാണ്. പ്രത്യേകിച്ച് “പ്ലാറ്റ്ഫോം ആശ്രിതത്വം” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം നിർണായകമാണ്. ഡിജിറ്റൽ പൊതുസമ്പത്തുകളുടെ സ്വകാര്യവൽക്കരണം തുറന്ന ബലപ്രയോഗത്തിലൂടെയല്ല, സൗകര്യത്തിലൂടെയും നെറ്റ്‌വർക്ക് ഫലങ്ങളിലൂടെയും അടിസ്ഥാനസൗകര്യ ആശ്രിതത്വത്തിലൂടെയുമാണ് നടക്കുന്നത്. ആദിമ ഇന്റർനെറ്റ്, തുറന്ന പ്രോട്ടോക്കോളുകളുടെയും വികേന്ദ്രീകൃത പ്രസിദ്ധീകരണത്തിന്റെയും ലോകമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിന്റെ വലിയൊരു പങ്ക് സ്വകാര്യ ഡിജിറ്റൽ ലോകങ്ങളിലൂടെ ഒഴുകുന്നു. ഇതിന്, ഉയർന്നുവരുന്ന ആഗോള നാഗരികതയിൽ വലിയ പ്രതിഫലനങ്ങളുണ്ട്.

മനുഷ്യരാശി ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളാലും AI സംവിധാനങ്ങളാലും കൂടുതൽ ബന്ധിതമാകുന്നു. എന്നാൽ ഈ ബന്ധിതാവസ്ഥ ആഴത്തിലും പരപ്പിലുമുള്ള അസമത്വങ്ങളോടെയാണ്. ഗ്രഹതല (planetary) ഏകീകരണത്തോടൊപ്പം വിവരാധികാരത്തിന്റെ അമിത കേന്ദ്രീകരണവും നടക്കുന്നു. ഭീഷണി വെറും ഏകാധിപത്യരാഷ്ട്രീയമല്ല; രാഷ്ട്രീയജീവിതം തന്നെ കണക്കുകൂട്ടൽ-നിർവഹണത്തിലേക്ക് (computation - execution) ചുരുങ്ങുന്ന സാധ്യതയാണ്.

എന്നാൽ വരൗഫാകിസിന്റെ സമീപനത്തിന് വലിയ പരിമിതി ഉണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന സഹകരണപരവും സൃഷ്ടിപരവുമായ സാധ്യതകളെ അദ്ദേഹം മതിയായ രീതിയിൽ കാണുന്നില്ല. തുറന്ന ഉറവിട പ്രസ്ഥാനങ്ങൾ, സഹകരണ പ്ലാറ്റ്ഫോമുകൾ, ഫെഡറേറ്റഡ് സോഷ്യൽ നെറ്റ്‌വർക്കുകൾ, പൊതുഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, commons-oriented AI പദ്ധതികൾ എന്നിവ, സാങ്കേതിക പരിണാമം സർവാധികാരത്തിന്റെ സാധ്യതയിലേക്കുമാത്രമല്ല പോകുന്നത് എന്നു കാണിക്കുന്നു.

ഇവിടെയാണു ഞാനും ലീനയും ചേർന്ന് തയ്യാറാക്കിയ 'In-form-at-ion' എന്ന കൃതിയിലും 'Cosmic Kundalini' എന്ന കൃതിയിലും എന്റെ 'ഈലോകഗോളം തിരിയുന്ന മാർഗ്ഗം' എന്ന രചനയിലും വരച്ചിട്ട, ബന്ധാത്മകമായ അല്ലെങ്കിൽ ബന്ധുത്വാത്മകമായ (relational) ഒരു വിശാല കാഴ്ചപ്പാട് പ്രസക്തമാകുന്നത്.

വരൗഫാകിസ് സാങ്കേതിക സംവിധാനങ്ങളെ, പ്രധാനമായും അധികാരത്തിന്റെയും ചൂഷണത്തിന്റെയും നിയന്ത്രണത്തിന്റെയും ഭാഷയിൽ വായിക്കുന്നു. എന്നാൽ മനുഷ്യചരിത്രത്തിൽ സഹകരണം, പാരസ്പര്യം, കരുതൽ, നൈതിക വികസനം എന്നീ പ്രവണതകളും ശക്തമായി നിലനിൽക്കുന്നു. രഹസ്യനിരീക്ഷണം സാധ്യമാക്കുന്ന അതേ ആഗോള നെറ്റ്‌വർക്കുകൾ സഹകരണത്തിനും സംവാദത്തിനും പുതിയ സാധ്യതകൾ തുറക്കുന്നു.

അതുകൊണ്ട് ടെക് ലോർഡിസത്തിന്റെ ദുരന്തഭാവന, വളരുന്ന പ്രതിരോധധാരകളെ കാണാതെ പോകുന്നു എന്ന് ഓർക്കണം. പുതിയ തലമുറകൾ വ്യക്തികേന്ദ്രിത നവഉദാരവൽക്കരണത്തിന്റെ പരിമിതികളെ തിരിച്ചറിയുന്നു; പാരിസ്ഥിതിക പരസ്പരാശ്രിതത്വം, സഹകരണ ബുദ്ധി, ഡിജിറ്റൽ പൊതുസമ്പത്ത്, post-competitive innovation തുടങ്ങിയ ആശയങ്ങളിലേക്കുള്ള താൽപര്യം വർധിക്കുന്നു; AI ഗവേഷണരംഗത്തുതന്നെ cooperative AI, systems thinking, ethics of care തുടങ്ങിയ പ്രവണതകൾ, സാങ്കേതിക പരിണാമം നിർബന്ധമായും ഏകാധിപത്യത്തിലേക്കല്ലെന്ന് സൂചിപ്പിക്കുന്നു.

എങ്കിലും വരൗഫാകിസ് എന്ന ദുരന്തപ്രവാചകന്റെ സംഭാവന നിർണായകമാണ്: സാങ്കേതിക സംവിധാനങ്ങൾ ഒരിക്കലും നിഷ്പക്ഷമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾ അധികാരബന്ധങ്ങളെ കോഡ് ചെയ്യുന്നു. അൽഗോരിതങ്ങൾ ദൃശ്യതയും പെരുമാറ്റവും അവസരങ്ങളും നിർണ്ണയിക്കുന്നു. AI വികസനം രാഷ്ട്രീയസാമ്പത്തിക ഘടനകൾക്കുള്ളിലാണു നടക്കുന്നത്.

അതുകൊണ്ട് ടെക്നോഫ്യൂഡലിസവും ടെക് ലോർഡിസവും ഭാവിയുടെ കൃത്യമായ പ്രവചനങ്ങളായി വായിക്കേണ്ടതില്ല. മറിച്ച്, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ജനാധിപത്യ ഉത്തരവാദിത്തമില്ലാതെ വികസിച്ചാൽ എന്ത് സംഭവിക്കാമെന്ന മുന്നറിയിപ്പുകളായി വായിക്കാം.

വരൗഫാകിസിന്റെ ഏറ്റവും വലിയ പ്രസക്തി “ക്യാപിറ്റലിസം ഫ്യൂഡലിസമായി മാറിയോ?” എന്ന ചോദ്യത്തിലല്ല; മറിച്ച് വ്യവസായ ക്യാപിറ്റലിസത്തിന്റെയും ദേശീയരാഷ്ട്രീയത്തിന്റെയും ഇരുപതാം നൂറ്റാണ്ടിലെ ആശയരൂപങ്ങളുടെയും പരിധികൾ ഇന്ന് വെളിവാകുന്നു എന്ന തിരിച്ചറിവിലായിരിക്കും. അൽഗോരിത മധ്യസ്ഥതയും ഗ്രഹതല നെറ്റ്‌വർക്കുകളും AI-നിർമ്മിത ഏകോപനവും നിറഞ്ഞ ലോകത്തെ, പഴയ പ്രത്യയശാസ്ത്രഭാഷകൾക്ക് പൂർണ്ണമായി മനസ്സിലാക്കാനാവുന്നില്ല.

എല്ലാം വേദത്തിലും ഗീതയിലും ബ്രഹ്മസൂത്രത്തിലും ഉണ്ട്, എല്ലാം ബൈബിളിൽ ഉണ്ട്, എല്ലാം ഖുർആനിൽ ഉണ്ട്, എല്ലാം മാർക്സ് - എംഗൽസ് - ലെനിൻ സാഹിത്യ സർവസ്വത്തിലുണ്ട്, ബൈബിളിന്റെ ലിബറേഷൻ തിയോളജി വായനപോലെ അല്പസ്വല്പം അഡ്ജസ്റ്റ്മെന്റുകൾ നടത്തണമെന്നേയുള്ളൂ എന്ന നിലപാടെടുത്താൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരു പുതുലോകം ആണ് നമുക്കു മുന്നിൽ ഉദിക്കുന്നത്.

അതിന്റെ ഗ്രഹനാഗരികതയെ നിർണ്ണയിക്കുക വിപണിയോ രാഷ്ട്രമോ സാങ്കേതിക വിദ്യയോ ഒറ്റയ്ക്ക് അല്ല; ബുദ്ധി, നൈതികത, സഹകരണം, അധികാരം എന്നിവ തമ്മിലുള്ള ബന്ധങ്ങളായിരിക്കും പ്രധാനം. വരൗഫാകിസ് ഒരു സാധ്യതയെ ശക്തമായി വെളിച്ചത്തുകൊണ്ടുവരുന്നു: കേന്ദ്രീകൃത ക്ലൗഡ് അധികാരവും അൽഗോരിത ആധിപത്യവും നിറഞ്ഞ ഒരു ഭാവി. എന്നാൽ മനുഷ്യരാശിക്ക് അതിനു പകരം, പങ്കിടലിലും ബന്ധാത്മകതയിലും സഹകരണബുദ്ധിയിലും കരുണയിലും അധിഷ്ഠിതമായ ഒരു ഗ്രഹതല ബുദ്ധിവ്യവസ്ഥ സൃഷ്ടിക്കാനാകുമോ എന്ന ചോദ്യമാണ് ഇപ്പോഴും തുറന്നുകിടക്കുന്നത്.

ആകും എന്നാണു പ്രത്യാശയോടെ എന്റെ ഉത്തരം.