വ്യവസായ മുതലാളിത്തത്തിലും മാർക്സിസത്തിലും ഇനി ബാക്കി എന്ത് ഉണ്ട്?
കാർഷിക ഉത്പാദനവും ഫാക്ടറി വ്യവസായവും കേന്ദ്രീകരിച്ച ലോകത്തിലാണു പഴയ മുതലാളിത്തവും മാർക്സിസവും രൂപപ്പെട്ടത്. ഭൂമി, തൊഴിൽ, മൂലധനം, യന്ത്രം, ഫാക്ടറി, വർഗ്ഗസമരം — ഇവയായിരുന്നു ആ കാലത്തിന്റെ പ്രധാന സംവർഗങ്ങൾ. എന്നാൽ ഇന്നു ലോകം മാറിക്കൊണ്ടിരിക്കുന്നതു മറ്റൊരു ദിശയിലേക്കാണ്.
ഇപ്പോൾ, ഉത്പാദിപ്പിക്കപ്പെടുന്നതും ഉപഭോഗിക്കപ്പെടുന്നതും വസ്തുക്കൾ മാത്രം അല്ല; ശ്രദ്ധ, ഡാറ്റ, വികാരം, തിരിച്ചറിവ്, അഭിപ്രായം, ബന്ധം, അർത്ഥം, പോലും മനുഷ്യരുടെ പെരുമാറ്റ പ്രവചനങ്ങളിൽ എത്തുന്നു.
Marshall McLuhan മാധ്യമങ്ങളാണു സമൂഹത്തെ പുനർനിർമ്മിക്കുന്നതെന്ന് നേരത്തേതന്നെ സൂചിപ്പിച്ചു. Michel Foucault അധികാരം ഫാക്ടറിയിലോ ഭരണകൂടത്തിലോ മാത്രം അല്ല, അറിവിലും സ്ഥാപനങ്ങളിലും ഭാഷയിലും നിരീക്ഷണ സംവിധാനങ്ങളിലുമാണെന്നു കാണിച്ചു. Manuel Castells വിവരശൃംഖലകളുടെ “Network Society”യെക്കുറിച്ചു സംസാരിച്ചു. Shoshana Zuboff മനുഷ്യരുടെ പെരുമാറ്റംതന്നെ ഡാറ്റാ രൂപത്തിൽ അസംസ്കൃത വസ്തുവാകുന്ന “Surveillance Capitalism” വിശദീകരിച്ചു. Byung-Chul Han പുതിയ ചൂഷണം പുറത്തുനിന്നുള്ള ബലപ്രയോഗമല്ല, മനുഷ്യർ സ്വയം ഉപയോഗിച്ചുതീർക്കുന്ന മനശ്ശാസ്ത്രപരമായ വ്യവസ്ഥയാണെന്നു ചൂണ്ടിക്കാട്ടി. ഇതോടെ പഴയ “ഉത്പാദനം vs ഉപഭോഗം”, “അടിത്തറ vs മേൽക്കൂര”, “മുതലാളി vs തൊഴിലാളി” എന്ന ലളിത വിഭജനങ്ങൾ മങ്ങിത്തുടങ്ങുന്നു. സോഷ്യൽ മീഡിയ ഉപയോക്താവുതന്നെ ഉത്പാദകനും ഉപഭോക്താവും ഉൽപ്പന്നവുമായി മാറുന്നു.
അതുകൊണ്ട് ഇന്നത്തെ ചോദ്യം ഫാക്ടറി ആരുടെ കൈയിലാണെന്നതു മാത്രം അല്ല; ഡാറ്റ ആരുടെ കൈയിലുണ്ട്? അൽഗൊരിതം ആരെ നിയന്ത്രിക്കുന്നു? മനുഷ്യശ്രദ്ധ ആരാണു കൈവശപ്പെടുത്തുന്നത്? അർത്ഥനിർമ്മാണം ആരാണു നടത്തുന്നത്? നിർമിത ബുദ്ധി ആരെ ശക്തിപ്പെടുത്തുന്നു? ഇതു പുതിയ ചോദ്യങ്ങൾ ആണ്. ഇതുകൊണ്ടാണ് വ്യവസായകാല പ്രത്യയയശാസ്ത്രങ്ങളെ മറികടക്കുന്ന പുതിയ രാഷ്ട്രീയ-സാമ്പത്തിക ചിന്തയുടെ ആവശ്യം ഉയരുന്നത്. ഇനി സംഘർഷം ഉത്പാദന ഉപാധികളുടെമേൽ മാത്രം അല്ല; ബോധത്തിന്റെ, വിവരത്തിന്റെ, ശ്രദ്ധയുടെ, സാമൂഹിക ബുദ്ധിയുടെ മേലുമാണ്.
എങ്കിലും പിൽക്കാല (mature) മാർക്സിന്റെ ചില ഉൾക്കാഴ്ചകൾ ഇന്നും പ്രസക്തമായി തുടരുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും മൂലധനം ചരക്കാക്കുകയും (commodification), സാങ്കേതികവിദ്യയും ഉത്പാദനശക്തികളും സമൂഹത്തെ പുനഃസംഘടിപ്പിക്കുകയും, അധികാരം പുതിയ രൂപങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഇന്നത്തെ ഡാറ്റാ-പ്ലാറ്റ്ഫോം ലോകത്തും പുതിയ അർത്ഥം നേടുന്നു.
എന്നാൽ ഇന്ന് “മൂലധനം” ഫാക്ടറികളിൽ മാത്രം അല്ല; വിവരശൃംഖലകളിലും അൽഗൊരിതങ്ങളിലുമാണ്. “തൊഴിൽ” ഫാക്ടറിയിൽ മാത്രം അല്ല; മനുഷ്യരുടെ ശ്രദ്ധയിലും വികാരങ്ങളിലും ഡിജിറ്റൽ ഇടപെടലുകളിലുമാണ്. അതുകൊണ്ട് പഴയ മാർക്സിസത്തെ ആവർത്തിക്കുന്നതു മതിയാകില്ല; മറിച്ച് അതിലെ വിമർശനാത്മക ദൃഷ്ടി വിവര-ബോധ-നെറ്റ് വർക്ക് യുഗത്തിലേക്കു വികസിപ്പിക്കേണ്ടിവരുന്നു.
അതാവട്ടെ, പഴയ ഡയലറ്റിക്സിന്റെയോ പഴയ ഭൗതികവാദത്തിന്റെയോ ഡിറ്റർമിനസത്തിലും റിഡക്ഷനിസത്തിലും തലത്തിൽ നടക്കുകയുമില്ല.
-- ജോസ്ടി
(വിവരം ഡോട് ഓർഗ് 2026 മെയ് 20)